---------------------------------------
ആര്‍ദ്രമാം നിന്റെ നേത്രത്തില്‍
മിന്നും നക്ഷത്ര ചാരുത
എന്തേ കാണുന്നതില്ലിന്നെന്‍
സന്ധ്യയില്‍ തിരിവെക്കുവാന്‍
ഈറന്‍ കാറ്റെന്റെ പിന്നില്‍ വ-
ന്നെന്നേയിക്കിളി കൂട്ടവേ
കിലുങ്ങും മുത്തുപോല്‍ നിന്റെ
ചിരി കേട്ടതുമില്ല ഞാന്‍
പൊങ്ങാന്‍ പറ്റാതെയാഴത്തില്‍
മുങ്ങിയേ പോകുമെന്നു ഞാന്‍
ഭയപ്പെടുമ്പോള്‍ കൈനീട്ടും
സാന്ത്വനം കാണ്മതില്ല ഞാന്‍
നീറും നെഞ്ചിന്‍ ഞരക്കത്താല്‍
ചിന്ത തന്‍ കണ്ണി പൊട്ടവേ
ചിരിച്ചു വീണ്ടും നീയെന്നെ
തഴുകാന്‍ വരുകില്ലയോ
ദുസ്സ്വപ്നം കണ്ടു പേടിച്ചു
വാവിട്ടു കരയുമ്പൊഴും
മനസ്സിലൊരു താരാട്ടിന്‍
ഈണമായ് വന്നതില്ല നീ
കുളിച്ചീറന്‍ മുടിക്കെട്ടില്‍
തുളസിക്കതിര്‍ ചൂടിയാ
പുലരിപ്പൊന്‍ തുടുപ്പില്‍ ഞാന്‍
തേടുന്നൂ നിന്നെയെപ്പൊഴും
കസവിട്ട പുഴക്കുള്ളില്‍
മുങ്ങാംകുഴിയിട്ടു ഞാന്‍
തിരയുന്നത് നീ തന്നു
കളഞ്ഞോരാര്‍ദ്ര ഗീതകം
തളര്‍ന്ന കണ്ണില്‍ നീ മഞ്ഞു
തുള്ളിപോല്‍ കുളിരേകിടാന്‍
അണഞ്ഞീടുന്ന വേളക്കായ്
കാത്തു നില്‍ക്കുകയാണ് ഞാന്‍
ഭാരം ചുമന്നു തോള്‍ രണ്ടും
കടയുന്നേരമെങ്കിലും
നീയൊരത്താണി പോല്‍ മുന്നില്‍
വന്നീടാനായ് കൊതിച്ചു ഞാന്‍
പണ്ട് നിന്നെക്കുറിച്ചെന്തോ
പാടിയുള്ളവയൊക്കെയും
വീണ്ടും ഞാന്‍ പാടി നോക്കുന്നു
കേള്‍ക്കാതെ പോവതെങ്ങു നീ
നിന്നെ കാണാതെ വിങ്ങുന്ന
മനസ്സും, ഹാ തളര്‍ന്നതാം
ഈ ശരീരവുമേന്തിക്കൊ-
ണ്ടലയുന്നൊരു മാത്രയില്‍
പെട്ടെന്ന് മുന്നില്‍ നീ വീണ്ടും
വന്നൂ വേഷപ്രച്ഛന്നനായ്
വന്നൂ പുതിയൊരാളെ തന്‍
കൈകളില്‍ താങ്ങുമാറു നീ
കണ്ടു പിന്നെയുമാപ്പാത
വക്കില്‍ വൃദ്ധനൊരുത്തനെ
കൈ പിടിച്ചു നടത്തുന്ന
കാരുണ്യക്കടലായി ഞാന്‍
വിശക്കും മാനുഷാത്മാവിന്‍
മുന്നില്‍ വീഴുന്നൊരന്നമായ്
കുഴയും ജീവിതങ്ങള്‍ക്കു
വഴി കാട്ടുന്ന ദീപമായ്....
നടക്കാറാക്കി നീയെന്നെ
വിട്ടു പോയില്ല, എന്നുമീ
ഊഴിയില്‍ സ്നേഹമായിത്താന്‍
വാഴുന്നൂ കരുണാനിധേ
എനിക്കാത്മബലം തന്നി-
ട്ടതിലേറെ പ്രയാസമാം
ജീവിതങ്ങള്‍ക്കു സ്നേഹത്തിന്‍
മധുരങ്ങള്‍ കൊടുത്തു നീ
തരാത്ത പഴമൊന്നിന്നും
പരാതി പറയില്ല ഞാന്‍
നീ തന്ന മധുരങ്ങള്‍ക്കു
നന്ദിയോതുന്നു!! വന്ദനം!!!
മനോഹരകവിത
ReplyDelete