Tuesday, December 24, 2013

തിരുപ്പിറവി...

നക്ഷത്രമെന്നോടു ചോദിച്ചു ഭൂമിയില്‍
രക്ഷകനിന്നു ജനിച്ചതു കേട്ടുവോ
കണ്ണില്‍ കരുണ തന്‍ അഞ്ജനം ചാര്‍ത്തിയ
വിണ്ണിന്റെ വാഗ്ദത്ത ദൂതന്‍ പിറന്നുവോ

നാലുമണിപ്പൂക്കള്‍ നാണിച്ചു ചോദിച്ചു
കാല്‍വരിക്കുന്നിലെ അത്ഭുതം കണ്ടുവോ
നീല മഹാകാശമെന്നോട് ചോദിച്ചു
നീയാ മഹസ്സിന്‍ കുളിരല ചൂടിയോ

മഞ്ഞിന്‍ കണികകള്‍ പുല്‍കും ഡിസംബറിന്‍
നെഞ്ഞില്‍ ചുരന്ന മധുരം നുണഞ്ഞുവോ
പുല്‍ക്കൂട്ടിലിന്നലെ രാവില്‍ പിറന്നൊരാ
ചെല്ലക്കിടാവിനെ ഒന്നുമ്മ വെച്ചുവോ??

ദേവദാരുക്കള്‍ തലതാഴ്ത്തിയാരാഞ്ഞു
ദേവനു നീയിന്നു സമ്മാനമേകിയോ
കന്യകക്കുണ്ടായ പുത്രനെക്കണ്ടു ഹാ
ധന്യനായീലയോ നീയെന്തിതേ വരെ

മഞ്ഞില്‍ വിറച്ചു ശലഭങ്ങള്‍ വന്നുവാ
കുഞ്ഞിന്‍റെ കാലിന്‍ മധുരം നുണയുവാന്‍
പൈക്കള്‍ അകിട് ചുരത്തിയാ പൈതല്‍ തന്‍
പൈദാഹമൊക്കെ ശമിക്കുവാനെന്ന പോല്‍

ആകെ കുളിരുമാ രാവില്‍ വിളക്കേന്തി
താരകങ്ങള്‍ ഊരു ചുറ്റുന്ന നാളതില്‍
ഈശ്വര ധ്യാനത്തില്‍ മുങ്ങി നിന്നു ലോകം
ഈ ശിശു ജീവവിളക്കായി മാറുവാന്‍

സൌന്ദര്യസാന്ദ്രമായ് മാറി ഭൂമി, ദേവ-
സൌഭഗം മണ്ണില്‍ പിറവി കൊണ്ടുള്ള നാള്‍
പ്രാവുകള്‍ മെല്ലെ കുറുകി നിന്നായിരം
നാവിനാല്‍ ഓശാന പാടീ കടലുകള്‍

കാറ്റു മധുരം മൊഴിഞ്ഞു മനുഷ്യന്‍റെ
നീറ്റല്‍ ഒടുങ്ങുന്ന നാള്‍ വന്നു ചേര്‍ന്നിതാ
വാതില്‍പ്പടിക്കലെ പൊന്മണി മെല്ലെയെന്‍
കാതില്‍ പറഞ്ഞു വരും നാകമൂഴിയില്‍

2 comments:

  1. കവിത നന്നായിരിക്കുന്നു. പക്ഷേ, വാതില്‍പ്പടിക്കലെ പൊന്‍മണി കാതില്‍പ്പറഞ്ഞ ഈ നാകം ഇനിയുമെന്തേ വന്നില്ല? നാകം നമ്മിലൂടെ ഭൂമിയില്‍ പിറക്കട്ടെ...

    ReplyDelete
  2. മനോഹരകവിത, പതിവ് തെറ്റിക്കാതെ

    ReplyDelete