Sunday, November 10, 2013

മോസ്കോ നഗരത്തോട്...

ആദ്യത്തെ വിദേശാനുഭവം, ഫ്രിഡ്ജിനു പുറത്തു മഞ്ഞു കണ്ട അനുഭവം. മോസ്കോ അനുഭവം...
11/22/2010 നു എഴുതിയ കവിത.
***********************************************
മഞ്ഞു പെയ്യും തെരുവീഥി നോക്കി ഞാന്‍
നിന്നിതെന്‍റെ ജനാല തന്‍ ചാരെയായ്
മുങ്ങി നില്‍ക്കുന്നു മോസ്കോ നഗരമി-
ന്നെങ്ങു നിന്നോ പൊഴിയുന്ന തൂവലില്‍

ഉണ്ടിതഞ്ചാറു പ്രാവുകള്‍ പാറുന്നി-
തഞ്ജിത മോദമാകാശവീഥിയില്‍
ഇല്ല തൂവല്‍പ്പുതപ്പും ഹൃദയത്തി-
നുള്ളിലൂറുന്ന ചൂടന്ന്യെ വേറൊന്നും

എങ്കിലുമവ പാറുന്നു നാളെക്കായ്‌
വിത്തു പാകാതെ കൊയ്യാതെ നിസ്പൃഹം
ഇല കൊഴിഞ്ഞ മരങ്ങളില്‍ ചെന്നവ
കുറുകിടുന്നൂ പരിചിത ഭാഷയില്‍

ചെറിയ പഞ്ഞിക്കഷണങ്ങള്‍ പോലവേ
ചിതറി വീഴുന്നിതാ മഞ്ഞുതുള്ളികള്‍
മുകളിലേതോ മുകില്‍പ്പക്ഷി തന്നിളം
ചിറകില്‍ നിന്നൂര്‍ന്നു വീഴുന്ന തൂവലായ്

പകുതി മൂടും മുഖത്തോടെ യാത്രികര്‍
അധികവേഗം നടക്കുന്നു താഴെയായ്
വിഗതകാലത്തിന്‍ സൂക്ഷിപ്പുകാരനാം
ഒരു കിഴവന്‍ വിറച്ചു നീങ്ങുന്നതാ

പഴയ വിപ്ലവപ്പൊന്‍കിനാവില്‍ സ്വയം
മതിമറന്നു നില്‍ക്കുന്നൊരു സ്തൂപവും
അതിനു ചുറ്റില്‍ പുതുയുഗം നാട്ടിന
കൊടികളുണ്ടു പാറുന്നൂ സമീരനില്‍

ഗതവിമോഹന സ്വപ്നത്തില്‍ നിന്നുണര്‍-
ന്നെഴുന്നേറ്റീടുന്ന പുത്തന്‍ തലമുറ
ഉരുവിട്ടീടുന്നിതാ പടിഞ്ഞാറില്‍ നി-
ന്നൊഴുകി വന്നിടും കാറ്റിലെ ശീലുകള്‍

തലയില്‍ വെള്ളപ്പുതപ്പിട്ടു നീങ്ങുന്നു
വഴിയില്‍ വാഹനവ്യൂഹങ്ങള്‍, ചുറ്റിലും
ഇല പൊഴിഞ്ഞ മരങ്ങളില്‍ തൂവെള്ള
നിറമണിയിക്കും മഞ്ഞിന്‍റെ തുള്ളികള്‍

ഇറുകും ജാക്കറ്റിനുള്ളില്‍ കയറിയീ
വഴിയിലൂടെ നടക്കുന്നു നാട്ടുകാര്‍
പഴയ ദസ്തയേവസ്കി തന്‍ നോവലില്‍
പരിചിതമായ കണ്ണുകളുള്ളവര്‍

ഉയരമേറിയ പെണ്ണുങ്ങള്‍, കൈയുറ
ഇറുകെ ബന്ധിച്ച കുഞ്ഞുങ്ങള്‍, കായ്കറി-
ക്കടയില്‍ നില്‍ക്കുന്ന വൃദ്ധ, കുടിച്ചു തന്‍
വഴി മറന്നു പുലമ്പും വയോധികന്‍

പറയുകയാണിവയൊക്കെയുമെന്നോടു
പല കഥകള്‍, ചരിത്രങ്ങള്‍, ഓര്‍മ്മയില്‍
ചിതറിവീണ പനിനീര്‍ക്കണങ്ങളില്‍
നിഴലിടുന്ന പുരാവൃത്ത രേഖകള്‍

പൊഴിയും മഞ്ഞില്‍, ഇരുള്‍ വീണ പാതയില്‍
പഴയകാലം കിതക്കും കവലയില്‍
ഒഴുകും മോസ്കോ നഗരമേ നിന്നെ ഞാന്‍
നിഴല്‍ മറയുന്ന ചിത്രമെന്നോര്‍ത്തിടാം 

1 comment:

  1. എന്റെ സ്വപ്നത്തിലൊരു മോസ്കോ ഉണ്ട്. ‘സോവിയറ്റ് നാട്’ മാസികകളില്‍ നിന്ന് ഉള്ളില്‍ പതിഞ്ഞൊരു ചിത്രം!

    ReplyDelete