Sunday, October 13, 2013

എഴുത്തിന്നിരിക്കട്ടെ

അരിയില്‍ വിരല്‍ തൊട്ടൊരറിവിന്‍ പ്രകാശമേ
രസനക്കുമേല്‍ സ്വര്‍ണ്ണം വരച്ച പ്രണവമേ
നിറയും ചിന്തക്കുമേല്‍ നുരയും വാഗര്‍ത്ഥമേ
ഒരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ 

പലതായ് പിരിഞ്ഞു പോയ്‌ കഴിഞ്ഞ കാലം തന്ന
കതിരും, കൊഴിഞ്ഞെന്റെ നിശ്വാസസുമങ്ങളും
പുറകില്‍ കൂടി കാലം വിഴുങ്ങാനെത്തും മുന്‍പേ
ഒരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ

വെറുതെ വാക്കില്ലാതെയര്‍ഥങ്ങള്‍ കുഴങ്ങുന്നു,
പൊരുളില്ലാതെ വാക്കെന്‍ തൂലിക പൊഴിക്കുന്നു
കരുണാകടാക്ഷത്തിന്‍ കുളിരില്‍ മുങ്ങിത്താഴാന്‍ 
ഒരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ

മിഴികള്‍ രണ്ടും ഇന്നു കിനാവു കാണുന്നീല
മൊഴിയില്‍ പ്രണയത്തിന്‍ മാറ്റൊലി കേള്‍ക്കാനില്ല
കൊഴിയും ശരീരാഭിമാനത്തിന്‍ ഫണം താഴാന്‍ 
ഒരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ

ഒരു കൈപ്പിടിച്ചാരമായീടും, കാണെക്കാണെ
പിരിയും നിജമെന്നു കരുതും ലോകത്തിനെ
അറിയാം സുഖം തേടി അലയുന്നതിന്നിട-
ക്കൊരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ

ശതചണ്ഡികാ ഹോമപ്പുകയില്‍ മയങ്ങുവാന്‍
തിരുമാധുര്യം നുണഞ്ഞുറക്കെ പാടീടുവാന്‍
വിജയം-ആത്മാവിങ്കല്‍ വിജയം- നേടീടുവാന്‍
ഒരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ

അറിവിന്‍ നീരാജനമുഴിയാന്‍, നിരന്തമാം
അവ്യാജകാരുണ്യത്തില്‍  മുഴുകെ നീരാടുവാന്‍
മനസ്സിന്‍ മൂകാംബികാ നടയില്‍ തൊഴുകൈയോ-
ടൊരു വട്ടം കൂടി ഞാന്‍ എഴുത്തിന്നിരിക്കട്ടെ

2 comments:

  1. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ

    ReplyDelete
  2. എന്നും എഴുത്തിന്നിരിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ നാം

    ReplyDelete