Monday, September 30, 2013

മറയുന്ന കവിത

സ്മൃതിനാശത്തിനു മുന്‍പൊരു കവി
---------------------------------------------------
വരിക നീയെന്‍റെ
സര്‍ഗം വരച്ചിട്ട
വിഗതകാല
പ്രഭാസന്നികേതമേ
വരിക സാരംഗി
മീട്ടും സ്മിതാര്‍ദ്രമാം
മധുരരാഗ പ്രദീപ്ത
കേദാരമേ

വരിക ശാന്തം,
സുധാമയമെന്‍
ചിത്തമുരുവിടും
പ്രണവാക്ഷര നാദമേ
ചിറകൊതുക്കുവാന്‍
കൂട്ടാക്കിടാത്തൊരെന്‍
പ്രണയകല്‍പ്പക-
പ്പൂവിന്‍ പരാഗമേ

വരിക നാവില്‍ കുറിച്ച,
വേദാന്തത്തിന്‍
പൊരുളു കാക്കുന്നൊ-
രക്ഷരബ്രഹ്മമേ
അരിയില്‍ കുഞ്ഞു-
വിരല്‍ നൊന്തെഴുതിയ
ഹരിഗണപതി
നാമാക്ഷരങ്ങളേ

വരിക പണ്ടെന്റെയോര്‍മ്മയില്‍
പെയ്തതാം
പനിമതിയുടെ
കാവ്യകണികയേ
തൊടിയില്‍ മാമ്പൂ
മണക്കുന്നൊരോര്‍മ്മയില്‍
നിറയെ വര്‍ഷിച്ച
വാക തന്‍ പൂക്കളേ

തിരികെ കിട്ടാത്ത
സ്നേഹത്തെയോര്‍ത്തു ഞാന്‍
ചിതറി വീണ
നിരാശ ഗര്‍ത്തങ്ങളേ
ഒരു മയില്‍‌പ്പീലി
കൊണ്ടെന്നഴലുകള്‍
തഴുകി മാറ്റിയ
കാരുണ്യധാമമേ

കുറുകും പ്രാവിന്‍
മനോരഥവീഥിയില്‍,
പുലരി പൂക്കുന്നൊ-
രാമ്പല്‍ക്കുളങ്ങളില്‍,
മുറുകിടുന്ന കടിഞ്ഞാണയക്കാതെ
പൊടി പറത്തും
രഥാശ്വവേഗങ്ങളില്‍

പിറവി തൊട്ടിങ്ങനാദിയാം
വാസനാ ബലമുറപ്പിച്ച
കര്‍മ കാണ്ഡങ്ങളില്‍
മുറിവുകള്‍ക്ക്‌ മേല്‍
പെയ്യുന്ന യാതനാ
ദുരിതമേറ്റു തളര്‍ന്നൊരെന്‍
കൈകളില്‍

മനമുറക്കാത്ത ബാല്യങ്ങളില്‍
കോപമുറവു പൊട്ടും
മദാന്ധ യുവതയില്‍
പരിതപിക്കും
വിനഷ്ട സ്വപ്നങ്ങളില്‍
ഉഴറിയോടും
ദിശയറ്റ വാഴ്വിതില്‍

വരികയെന്‍റെ വിദൂര-
മാമോര്‍മ്മയില്‍
പകുതി കുത്തിക്കുറിച്ച
കവിതയേ
വരിക നഷ്ടപ്പെടാത്തതാം
ബോധത്തിന്‍
പരിമളമേന്തും
വാക്കിന്‍ തിളക്കമേ

മറവി തന്‍
കടവാവല്‍ ചിറകടി
ഉയരുമീയന്തി നേരം
പ്രതീക്ഷയായ്
വരിക നിശ്ശൂന്യമീ-
യാതുരാലയ-
പ്പടിയില്‍ നീയെന്‍റെ
വെണ്‍മേഘ ഹംസമേ 

2 comments:

  1. മഹോഹരമായ കവിത .ഇഷ്ടമായി കേട്ടോ

    ReplyDelete