Saturday, September 28, 2013

അകക്കാഴ്ച്ച..

ഒറ്റയടിപ്പാതകള്‍
കയറിയും ഇറങ്ങിയും
അന്തമില്ലാതെ,
അങ്ങ് കിളിവാലന്‍ കുന്നിന്‍റെ
താഴ്വരയോളം ചെന്നാല്‍
ഉയരത്തില്‍
മേഘങ്ങളുടെ
തൊട്ടടുത്തൊരു
വെയില്‍ച്ചിറകുള്ള
സ്വര്‍ണപ്പക്ഷി
പാറുന്നത് കാണാം.

ഒറ്റത്താമര വിരിയുന്ന
നീലക്കുളങ്ങള്‍ താണ്ടി,
പാടവരമ്പുകള്‍ താണ്ടി,
ആലവട്ടക്കുട നിവര്‍ത്തുന്ന
കവുങ്ങിന്‍തോട്ടങ്ങള്‍ താണ്ടിച്ചെന്നാല്‍
ആഴത്തില്‍,
ഒരു നീര്‍മണിയില്‍
തന്‍റെ ജീവന്‍ കളഞ്ഞൊരു
മുത്തായി മാറുന്ന
ചിപ്പികള്‍ കാണാം...

മിന്നാമിന്നികള്‍
തിരുവാതിരയാടി
പാറുന്ന രാത്രിയില്‍
നിലാവിന്‍റെ കാല്‍പ്പാടുകള്‍ നോക്കി
പഞ്ചാരപ്പൂഴി വിരിച്ച
പട്ടാമ്പി മണല്‍പ്പുറം കടന്നാല്‍
അന്തിത്തിരി കെടാത്ത
അന്തിമഹാകാളന്‍ കാവില്‍
സൌന്ദര്യകാവ്യം കാണാം

ശാന്തിതീര്‍ത്ഥം
ചുരക്കുന്ന
തിരുവില്വാമലയില്‍
പുനര്‍ജ്ജനി നൂണ്ടാല്‍
പാഴായെന്നു കരുതിയ
ജന്മങ്ങള്‍ക്ക്
സാന്ത്വനത്തിന്‍റെ
താരകമന്ത്രം കേള്‍ക്കാം

ഒന്നീ ഇരുള്‍ മുറിക്കുള്ളില്‍
നിന്ന് പുറത്തു കടന്നാല്‍
ഒന്നീ ശവം നാറുന്ന
തെരുവില്‍ നിന്ന്
പുറത്തു കടന്നാല്‍
ഒന്നാ മലയാളത്തിന്‍റെ
മുലപ്പാല്‍ കുടിച്ചാല്‍
ഒരിക്കലും തിരിച്ചറിയാനാവാത്തതാം വിധം
ജീവിതത്തില്‍
കവിത പൂവിടുന്നതു കാണാം....

2 comments:

  1. ഗ്രാമം,വിശ്വാസം,സംസ്കാരം,നന്മ എല്ലാമുണ്ട്.

    ReplyDelete
  2. ശാന്തിതീര്‍ത്ഥം
    ചുരക്കുന്ന
    തിരുവില്വാമലയില്‍
    പുനര്‍ജ്ജനി നൂണ്ടാല്‍
    പാഴായെന്നു കരുതിയ
    ജന്മങ്ങള്‍ക്ക്
    സാന്ത്വനത്തിന്‍റെ
    താരകമന്ത്രം കേള്‍ക്കാം

    ആ താരകമന്ത്രമൊന്ന് കേള്‍ക്കണം

    ReplyDelete