Saturday, August 31, 2013

നിരപരാധി

തീരെച്ചെറിയ
ജനാലകള്‍ എപ്പൊഴും
ഞാന്‍ അടക്കാതെ
ഇരുന്നിട്ടില്ല

വീടിന്‍ പുറകില്‍
വെളിമ്പറമ്പത്തു ഞാന്‍
നാലാളു കാണ്കവേ
നിന്നിട്ടില്ല

നീലാമ്പല്‍ പൊയ്കയില്‍
നീന്തുവാനായി ഞാന്‍
ആരോരും കാണാതെ
പോയിട്ടില്ല

വെള്ളിച്ചിലമ്പിട്ടു
തുള്ളുന്ന ദൈവത്തെ-
യുള്ളില്‍ നിനക്കാ-
തിരുന്നിട്ടില്ല

കാടുകളൊക്കെയും
വെട്ടി മുറിക്കവേ
ഞാന്‍ മുറി വിട്ടെങ്ങും
പോയിട്ടില്ല

പഞ്ചാര പൂമണല്‍-
തിട്ടകള്‍ ബാക്കിയായ്
ഈ പുഴ ചാലായി
മാറുമ്പോഴും
എന്‍റെ കിടക്ക വിരിക്കു-
വെളിയില്‍ ഞാന്‍
എന്‍റെ തല പോലും
കാണിച്ചില്ല

നാടിനെ കൊള്ളയ-
ടിച്ചു കടംകേറി
ചുറ്റും ശവം തൂങ്ങി-
യാടീടവേ
എന്നച്ഛന്‍ കുത്തിയ
ചിഹ്നത്തെയല്ലാതെ
പിന്നൊന്നും ഞാനാലോ-
ചിച്ചിട്ടില്ല

ഈണങ്ങള്‍ വറ്റുന്ന
സന്ധ്യകള്‍ വന്നു പോയ്‌
ഈറന്‍ പുലരികള്‍
ഇല്ലാതെയായ്
ഈ മരത്തിന്‍ തണല്‍
പോലും തളര്‍ന്നു പോയ്‌
ഈ രത്നഗര്‍ഭം
പിളര്‍ന്നുപോയി

എങ്കിലുമെന്റെ
ചെറിയ ജനാലകള്‍
ഞാന്‍ തഴുതിട്ടെ-
യിരുന്നിട്ടുള്ളൂ
എന്‍റെയിരുള്‍ മുറി-
ക്കുള്ളിലല്ലാതെ ഞാന്‍
എങ്ങും പുറത്തേ
ക്കിറങ്ങിയില്ല

എന്നിട്ടുമെന്നിട്ടും
എന്തേ കൊടുംകാറ്റു
വന്നെന്റെ വാതില്‍
തകര്‍ത്തിടുന്നു?
എന്തേ പ്രളയത്തിന്‍
ജ്വാലകളെന്നുടെ
മുന്നിലീ താണ്ഡവം
ആടിടുന്നു?

എന്തേ ഉലകിന്‍
അവസാനമെന്നുടെ
അന്ത്യത്തിലിന്നു
തുടങ്ങിടുന്നു?
എന്തേ അപരാധ-
മൊന്നുമേ ചെയ്യാത്തൊ-
രെന്നെ മാത്രം നീ
തിരഞ്ഞെടുത്തു?

എന്തേയെന്‍ രോദനം
കേള്‍ക്കുവാനാളുകള്‍
ആരുമേ ജീവിച്ചി-
രിപ്പില്ലെന്നോ?
എന്നുടെ മൌനത്തിന്‍
പിന്‍പറ്റി ഇന്നലെ
ഈ കൊടുംകാറ്റുകള്‍
വന്നുവെന്നോ??

4 comments:

  1. ഭൂമിയില്‍ സന്മസുള്ളവര്‍ക്ക് അസമാധാനം!

    ReplyDelete
  2. ആരുമില്ല കേള്‍ക്കാനും കാണാനും പറയാനും
    തികച്ചും ഏകാന്തമായ തുരുത്തുകള്‍!

    ReplyDelete
  3. വിപ്ലവം പലനിറത്തിൽ പല തരത്തിൽ പക്ഷെ നന്മയിലേക്ക്

    ReplyDelete