Tuesday, July 30, 2013

നിലാവായ് വാര്‍ന്ന ഗസല്‍.....

10/17/12 നു എഴുതിയ കഥ.

പല കഥകളും പോലെ ഒരു ധാരണയും ഇല്ലാതെ തുടങ്ങി പല വഴിയില്‍ ഉരുത്തിരിഞ്ഞു വന്നതാണ് ഇതും.........
****************************
****************************
 
ഉറക്കത്തിന്റെ അവസാന യാമത്തിലെപ്പോഴോ ആണ് ഞാന്‍ ഞെട്ടിയെഴുന്നേറ്റത്. വിയര്‍ത്തൊലിച്ച മുഖം തലയിണയില്‍ തുടച്ചു ഞാന്‍ ഒന്ന് കൂടി കണ്ണടച്ചു. ദേഹമാസകലം വല്ലാത്ത വേദന....ഇതാശുപത്രിയാണോ. അതോ ഏതെങ്കിലും ഭ്രാന്താശുപത്രിയിലെ മുറിയോ? സമയം എന്തായി? ജനാല വിരിപ്പുകള്‍ക്ക് ഇടയിലൂടെ പുറത്തേക്ക് ഒന്ന് പാളി നോക്കാന്‍ ഞാന്‍ വെറുതെ ശ്രമിച്ചു. ഇത് മഴക്കാലം ആണോ? വല്ലാത്ത തണുപ്പ്.  ഞാന്‍ എവിടെയാണ്? എപ്പോള്‍ എങ്ങിനെ ഇവിടെ എത്തി? ഒരെത്തും പിടിയും കിട്ടുന്നില്ല. കൈയും കാലും ഒടിഞ്ഞിട്ടുണ്ടാകും. അനക്കാന്‍ സാധിക്കുന്നില്ല. കഴുത്തില്‍ ചിരകിപ്പൊളിഞ്ഞ പോലുള്ള വേദനയാണ്. മുകളിലെ ഫാനിലേക്ക് ഞാന്‍ വെറുതെ നോക്കിക്കിടന്നു. വേറെന്തു ചെയ്യാന്‍?
 
***********************
 
"നീ ഉണര്‍ന്നെഴുന്നേല്‍ക്കുകീ
വിധുര സായാഹ്ന ശോഭയില്‍
തിരി നീട്ടുകീ വെളിച്ചത്തിന്‍
കിരണങ്ങള്‍ നിന്‍ കണ്‍കളില്‍
ഒഴുകുകീ ഗസല്‍ പോലെ നീ
ഈ ശ്യാമ രാത്രിയില്‍...
പ്രിയേ..
പ്രിയേ, ഏതൊരാനന്ദ മൂര്‍ച്ഛയില്‍
നീയെന്റെ മാറിലീ നഖക്ഷതമായി....."
വല്ലാത്തൊരു രാത്രിയായിരുന്നു അത്... എന്‍റെ വരികള്‍ ഒരു തൊണ്ടയിലൂടെ കടന്നു വന്ന്, അനായാസമായി ഒരു പാട്ടായി ഒഴുകി....പുഴയായി ഒഴുകി. പാല്‍നിലാവായി നിറഞ്ഞൊഴുകി... ഗായകന്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ നേര്‍ക്ക്‌ നോക്കുന്നുണ്ടായിരുന്നു.  എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഒരു നിര്‍വൃതിയിലെന്ന മട്ടില്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
 
************************************
 
"എന്തിനാ നീ നുണ പറഞ്ഞത്?"
"എന്ത് നുണ?"
"ആ കവിത നീ എഴുതിയതല്ലെന്ന്?"
"ഓ..അത് അറിഞ്ഞോ" ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
"അറിഞ്ഞത് കൊണ്ടല്ലേ ചോദിക്കാന്‍ വന്നത്"
"സോറി....പിണങ്ങല്ലേ, ആകെക്കൂടി എനിക്കുള്ളൊരു കൂട്ടാണ് നീ....അത് കളഞ്ഞേക്കല്ലേ"
"എങ്ങനെയാ ആള്‍ക്കാര്‍ കൂട്ട് കൂടുക? ഇതല്ലേ സ്വഭാവം" സീമ ചുണ്ട് കോട്ടി പറഞ്ഞു...
"എന്നാല്‍ ഒരു കാര്യം കൂടി പറയണം..." അവള്‍ ഉടനെ പുതിയ ഒരു ആവശ്യവുമായെത്തി.
"എന്ത്?"
"ഇതാരെ ഉദ്ദേശിച്ചു എഴുതിയതാ?"
"അങ്ങിനെയൊന്നുമില്ല....വെറുതെ.."
"നുണ പറയരുത്..." അവള്‍ മുന്നറിയിപ്പ് ഒന്നുകൂടി തന്നു.
"ഈശ്വരാ..ഇതൊരു കുരിശായല്ലോ.... ആര്‍ക്കും ആയിട്ട് എഴുതിയതല്ല. പക്ഷെ എഴുതുമ്പോള്‍ ഒരു മുഖം ഉണ്ടായിരുന്നു മനസ്സില്‍..." ഞാന്‍ പതുക്കെ ചിരിച്ചു.
"ആഹാ....അങ്ങിനെ വരട്ടെ. ആരാ? ആ മുടി ചുരുണ്ട പെണ്‍കുട്ടിയാണോ? സന്ധ്യ"
ഞാന്‍ തലയാട്ടി......
 
"ഒരിക്കലും നീയെന്നെ
ഒന്ന് തിരിഞ്ഞു പോലും
നോക്കിയില്ലെങ്കിലും,
നിന്‍റെ കണ്ണിന്‍റെ
ഓമല്‍ പീലി നീ
എന്‍ നേര്‍ക്ക്‌ ചായ്ച്ചില്ലെങ്കിലും,
ഇളം ചുണ്ടിനാല്‍ നീ
എന്‍ പേര്‍ വിളിച്ചില്ലെങ്കിലും  ഓമലേ...
ഞാന്‍ അറിയുന്നു
എന്നെ കാണുമ്പോള്‍ നീ
ലജ്ജയാല്‍ ചുവന്നു
തുടുക്കുന്നതും,
നിന്‍റെ ശ്വാസഗതി
ഉയരുന്നതും,
നിന്‍റെ ഹൃദയം
പെരുമ്പറ കൊട്ടുന്നതും...
 
നിന്‍റെ വിരലനക്കവും
തൊട്ടറിയുന്നൊരു
വികാരമാപിനിയാണു ഞാന്‍"
 
അവള്‍ സംഗീതാത്മകമായി അത് വായിച്ചു തീര്‍ത്തു.
"കൊള്ളാം മോനെ... ബട്ട്‌ അവളെ കിട്ടുമോ എന്നാ കാര്യം സംശയമാ.... നമുക്കെന്തായാലും അരക്കൈ നോക്കാം...." സീമ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഓക്കേ....."
 
****************************************************** 
 
"ഹൌ ആര്‍ യൂ കവീ....."
നനുത്ത ഒരു സ്ത്രീ ശബ്ദമാണ് എന്നെ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.
ഒരു സ്ത്രീ രൂപമാണ്. ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ ഉള്ളിലൊരു ഞെട്ടല്‍ ഉണ്ടായി. അത് മറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
"വേദനയുണ്ട്... കുഴപ്പമില്ല. എന്നാലും താന്‍ ഇവിടെ?"
"ഞാന്‍ ഇവിടെ അല്ലെ ഉണ്ടാകേണ്ടത്. ഇതെന്റെ വീടല്ലേ. കവിയാണിവിടെ അതിഥി." ചുരുണ്ട മുടി വകഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു.
"ഞാന്‍ എങ്ങിനെ ഇവിടെ എത്തി? എനിക്കെന്താണ് സംഭവിച്ചത്?"
"പറയാം..." അവളുടെ മുഖം അല്‍പം ഗൌരവത്തിലായി. " ഇന്നലത്തെ ഗസല്‍ സന്ധ്യ ഓര്‍മ്മയില്ലേ? അത് കഴിഞ്ഞു നിങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു. ടി.വി. വാര്‍ത്ത കണ്ടിട്ടാണ് ഞാന്‍ അറിയുന്നത്. നിങ്ങളെ അഡ്മിറ്റ്‌ ചെയ്തത് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ തന്നെയാണ്.... മറ്റുള്ളവര്‍ അവിടെ തന്നെയുണ്ട്. കവിക്ക്‌ സ്പെഷ്യല്‍ ട്രീറ്റ്മെന്‍റ് വേണ്ടേ.... അതിനാണ് ഞാന്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്." അവളുടെ കണ്ണുകളില്‍ പ്രതികാരം ജ്വലിക്കുന്നുണ്ടെന്നു എനിക്കു തോന്നി. ഉള്ളിലെ ഭയം അമര്‍ത്തിപ്പിടിച്ചു  കൊണ്ട് ഞാന്‍ ചോദിച്ചു
"അപ്പൊ പ്രതികാരത്തിനാണ് പുറപ്പാട്....അല്ലേ?"
"അല്ലെന്നു പറഞ്ഞുകൂടാ. എനിക്കു കോളേജില്‍ വെച്ചു നിങ്ങളില്‍ നിന്നുണ്ടായത് അത്ര നല്ല അനുഭവം ആയിരുന്നല്ലോ......" ഒരല്‍പനേരത്തെ ഇടവേളയ്ക്കു ശേഷം അവള്‍ തുടര്‍ന്നു "പലപ്പോഴും നിങ്ങളോടെനിക്ക് സഹതാപം തോന്നിയിട്ടുണ്ട്. നിങ്ങള്‍ സ്വയം പീഡിതനാകുന്നത് കണ്ടിട്ട്. അത് പിന്നീട് ഒരു സ്നേഹമായി ഉരുത്തിരിയാന്‍ തുടങ്ങുമ്പോഴാണ് എല്ലാം തകരുന്നത്. ഓര്‍മ്മയുണ്ടോ ആ കവിത........"
മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ എനിക്കു പുറം തിരിഞ്ഞു നിന്നുകൊണ്ട് പാടി:
 
"ഇന്നലെ നീ
എഴുന്നേറ്റു പോയതിനു ശേഷം
ഞാന്‍ ചുളിഞ്ഞ എന്‍റെ
കിടക്കവിരിയോടു ചോദിച്ചു
"ഇഷ്ടമായോ നിനക്കവളെ"
ചുളിവുകള്‍ നിവര്‍ത്തി
അവള്‍ സമ്മതം തന്നു.
എന്‍റെ മാറില്‍ നീ
സമ്മാനിച്ചു പോയ
നഖക്ഷതങ്ങളോട്
ഞാന്‍ പതുക്കെ ചോദിച്ചു
"മധുരമാണോ ഈ വേദന?"
ഒരു നീറ്റലാല്‍ എന്‍റെ ഉള്ളില്‍
മധുരം നിറച്ചു അവ...
എന്‍റെ കൈവെള്ളയില്‍
ഞെരിഞ്ഞ ആ ജമന്തിപ്പൂവിനോട്
ഞാന്‍ ചോദിച്ചു
"നീ എന്‍റെ സ്വപ്നമാണോ?"
അത് പറഞ്ഞു:
"അല്ല നിന്‍റെ നിര്‍വൃതിയുടെ ചിഹ്നം"
 
എനിക്കുള്ളില്‍ നീയോ
നിനക്കുള്ളില്‍ ഞാനോ
ആ സന്ധ്യയില്‍
നിറഞ്ഞാടിയത്??"
 
അവളുടെ തൊണ്ടയിടറി..."ഓര്‍ക്കുന്നുണ്ടോ ദുഷ്ടാ?"
ഞാന്‍ ഒന്നും മിണ്ടിയില്ല. "പിന്നീട് ആ കോളേജില്‍ ഒരാളുടെ മുഖത്തു പോലും നോക്കാന്‍ കഴിയാത്ത വണ്ണം നിങ്ങള്‍ - നീയും നിന്‍റെയാ കൂട്ടുകാരിയും - അതെന്‍റെ ക്ലാസ്സിന്റെ പുറത്തൊട്ടിച്ചു  വെച്ചു."
"പക്ഷെ അതൊക്കെ എന്‍റെ വെറും ഭാവനകളാണെന്ന് എല്ലാരോടും ഞാന്‍ പറഞ്ഞതായിരുന്നല്ലോ...."
"ഓ... അത് കൊണ്ട്? ആരെങ്കിലും അത് വിശ്വസിച്ചോ? എന്നെ വെറും വേശ്യയെപ്പോലെ കാണാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ വന്നോ? എനിക്കൊരു താങ്ങായെങ്കിലും...ഒരു പ്രായശ്ചിത്തം പോലെയെങ്കിലും...." അവള്‍ കയര്‍ക്കുകയായിരുന്നു. വിയര്‍പ്പുമണികള്‍ അവളുടെ മുഖത്തു തുളുമ്പി.....
"ഞാന്‍ കരുതി അത് പ്രശ്നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ എന്ന്. നിനക്കെന്നെ ഇഷ്ടമാണോ അല്ലയോ എന്നൊന്നും അറിയാതെ ഞാന്‍ വീണ്ടും നിന്നെ സംരക്ഷിക്കാന്‍ വന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചാലോചിച്ചപ്പോള്‍...."
"ഫ....ഭവിഷ്യത്തിനെ കുറിച്ചാലോചിക്കുകയാണെങ്കില്‍  അത് മുന്നേ ചെയ്യണമായിരുന്നു" സന്ധ്യ കലിതുള്ളി... ഞാന്‍ കൂടുതലൊന്നും പറഞ്ഞില്ല.
വാതില്‍ ചേര്‍ത്തടച്ച്‌ സന്ധ്യ പുറത്തേക്കിറങ്ങി.
 
*********************************************
 
"എടാ എങ്ങിനെയുണ്ട്?" അമേരിക്കയില്‍ നിന്നു സീമയാണ്.
"ആഹ്.... നീ അറിഞ്ഞോ?"
"അറിഞ്ഞത് കൊണ്ടല്ലേ ചോദിക്കാന്‍ വിളിച്ചത്"
"ഒരു വിധം ഭേദമായി. പക്ഷെ വേറൊരു സര്‍പ്രൈസ് ഉണ്ടായി."
"എന്താ അത്..." അവളുടെ ശബ്ദത്തില്‍ വല്ലാത്തൊരു ആകാംക്ഷ
"ഐ വാസ് വിത്ത്‌ സന്ധ്യ ഫോര്‍ എ വീക്ക്‌"
"വാട്ട്‌? വിച്ച് സന്ധ്യ...ദി സേം ചുരുണ്ട മുടിക്കാരി"
"യെസ്...അവള്‍ തന്നെ. എന്നെ അഡ്മിറ്റ്‌ ചെയ്ത ഹോസ്പിറ്റലില്‍ അവള്‍ മാനേജറാ. ഷി ടുക് മി ഹെര്‍ ഹോം.... ഒരാഴ്ച അവിടെയായിരുന്നു സുഖവാസം"
"എടാ പ്രശ്നമൊന്നുമുണ്ടായില്ലല്ലോ"
"ഞാനും പേടിച്ചിരുന്നു. ബോധം വരുമ്പോ ഞാന്‍ അവളുടെ വീട്ടില്‍ ബന്ദിയെ പോലെയാ. പക്ഷെ അവള്‍ എന്നെ നന്നായി നോക്കി. ഇറ്റ്‌ വാസ് എ വണ്ടര്‍ഫുള്‍ വെക്കേഷന്‍ ഫോര്‍ മി. കോളേജില്‍ നിന്നു ടീസീ വാങ്ങി പോയിട്ട് അവള്‍ ഏതൊക്കെയോ കോഴ്സ് ചെയ്തു. വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചു.. പക്ഷെ അത് പിരിയേണ്ടി വന്നു."
"ഓഹോ....അപ്പൊ സാഹചര്യങ്ങള്‍ ഒക്കെ അനുകൂലമായിരുന്നു എന്ന് ചുരുക്കം. കവി അര്‍മ്മാദിച്ചു കാണണമല്ലോ" അവള്‍ ഉറക്കെ ചിരിച്ചു.
"എവിടെടീ... കയ്യും കാലും ഒടിഞ്ഞിരിക്കുമ്പോളാണോ അര്‍മ്മാദം..... അതിനൊക്കെ ഇനി സമയം എത്ര കിടക്കുന്നു...." ഞാന്‍ കണ്ണിറുക്കി കൊണ്ട് ചോദിച്ചു.
"ആഹാ... അപ്പൊ കവിയുടെ മാവും പൂക്കുമോ?" ആഹ്ലാദത്തോടെ സീമ ചോദിച്ചു.
"ഉം......." ഞാന്‍ പതുക്കെ മൂളി.
എവിടെ നിന്നോ ഒരു ഗസലിന്റെ പല്ലവി എന്‍റെ മനസ്സില്‍ നിറഞ്ഞു
 
"പാടുക നീയീ ശീതള രാത്രിയില്‍
ഓര്‍മ്മകള്‍ പൂക്കുന്ന കാലങ്ങളെ കുറി-
ച്ചോതുക എന്നുടെ ചെവിയില്‍ സ്വകാര്യമായ്
വാര്‍മുകില്‍ ചൊല്ലിയൊരാ  കഥകള്‍.....
പാടുക നീ വീണ്ടും..... സഖീ....പാടുക നീ വീണ്ടും"

3 comments:

  1. താഴ്ന്നും ഉയര്‍ന്നും ഒരു വായന.വളരെ സുഖമായി ഒഴുക്കോടെ വായിച്ചു തീര്‍ത്തു.കവികള്‍ ഉണ്ടാവുന്നത്.

    ReplyDelete
  2. കവിത ഇടകലര്‍ന്ന് നല്ലോരു കഥ

    ReplyDelete