Thursday, August 8, 2013

സോഹ്നിയുടെ ഗീതം......

ഹിന്ദിയിലെ ഒരു ആല്‍ബത്തിന്റെ വരികള്‍ കണ്ടപ്പോള്‍, ആ വരികള്‍ ഒന്ന് മലയാളീകരിച്ചാലോ എന്നൊരാശയം തോന്നി..... അതിന്റെ ഫലം ആണീ കവിത.
എത്ര നന്നായി എന്നറിയില്ല. പല വരികളുടെയും യഥാര്‍ത്ഥ അര്‍ഥം ആയിരിക്കില്ല വന്നിരിക്കുക. എങ്കിലും ഒരു സ്വതന്ത്ര അനുവാദം എന്ന് കരുതിയാല്‍ മതി.
------------------------------------------
മഹിവാള്‍ നീ വരൂ, ഇഷ്ട-
തോഴാ എന്നെ കരേറ്റുക
നിനക്കായോടിയെത്തീടും
സോഹ്നിയെ നിന്നില്‍ ചേര്‍ക്കുക    
 
മൃത്യു ഭീതി വിതപ്പീല
തെല്ലുമെന്‍ ഉള്ളിലെങ്കിലും
കുതിച്ചൊഴുകിടുന്നോരീ  
ചെനാബെങ്ങനെ താണ്ടിടും.....
എന്‍റെ പ്രേമനിലാവും നീ
സുഹൃത്തും ജീവനാഡിയും
 
മഹിവാള്‍ നീ വരൂ, ഇഷ്ട-
തോഴാ എന്നെ കരേറ്റുക
നിനക്കായോടിയെത്തീടും
സോഹ്നിയെ നിന്നില്‍ ചേര്‍ക്കുക
 
ചെനാബിന്‍ ഓളമേല്‍ക്കുന്നു 
എന്‍റെ ജീവന്‍ ഇതെങ്കിലും
കാലമേറെ കഴിഞ്ഞൂ നിന്‍
അടങ്ങാ ദാഹമെങ്കിലും........
ജീവശ്വാസത്തുടിപ്പും നീ
ഹൃദയേശനുമങ്ങു താന്‍
 
മഹിവാള്‍ നീ വരൂ, ഇഷ്ട-
തോഴാ എന്നെ കരേറ്റുക
നിനക്കായോടിയെത്തീടും
സോഹ്നിയെ നിന്നില്‍ ചേര്‍ക്കുക
 
മുങ്ങിപ്പൊങ്ങുന്നു ഞാന്‍ ചന്ദ്ര-
ഭാഗയില്‍*, ഹാ! നിരര്‍ത്ഥമാം
ഇജ്ജീവിതത്തിനേക്കാള്‍ ഞാന്‍
കൊതിപ്പു മരണം പ്രിയാ.....
ജീവിതത്തിന്‍ നദിക്കങ്ങും
ഇങ്ങും നീ തന്നെ, കാണ്മു ഞാന്‍**
 
മഹിവാള്‍ നീ വരൂ, ഇഷ്ട-
തോഴാ എന്നെ കരേറ്റുക
നിനക്കായോടിയെത്തീടും
സോഹ്നിയെ നിന്നില്‍ ചേര്‍ക്കുക
*ചെനാബിന്റെ സംസ്കൃത നാമം
**ശരിക്കും കവിതയില്‍ നദിയുടെ ഇരു കര എന്നതാണ് പറയുന്നത്, ആ നദിയെ ഇവിടെ ജീവിതമായി കണക്കാക്കുന്നു, മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ അതിനു സാംഗത്യം കൂടുമല്ലോ

3 comments:

  1. ഒരു സുഖമങ്ങ് വരുന്നില്ല കേട്ടോ.
    പരിചയമില്ലാത്ത ചുറ്റുപാടിലെത്തിയപോലെ തോന്നുന്നു.

    ReplyDelete
  2. എന്‍റെ തര്‍ജ്ജിമയിലെ പോരായ്മയാകാം.. ഒറിജിനല്‍ കേട്ടു നോക്കൂ... തുറന്ന അഭിപ്രായത്തിന് നന്ദി..

    ReplyDelete
  3. ശരിയാണ് ആ സുഖം വരുന്നില്ല.ഓരോന്നിനും ഓരോ ഇടം പറഞ്ഞിരിക്കുന്നു. എത്രയോ ശരിയാണ്.

    ReplyDelete