Sunday, July 28, 2013

ഇതു മതി...

എല്ലാം മതിയാകുമ്പോളാണ് ഭഗവാന്‍ മതി എന്ന തോന്നല്‍ ഉണ്ടാകുന്നത്..
-------------------------------------------------------------------
ഇതു മതി ഇതു മതി
ഗുരുവായൂര്‍ നട മതി
ഇവിടെയീ കാറ്റിന്‍റെ കുളിരു മതി

ഇതു മതി ഇതു മതി
കണ്ണന്റെ കുഴല്‍വിളി
ഉയരുന്ന ക്ഷേത്രസോപാനം മതി

പനിമതി പോലെ വിടര്‍ന്ന
തിരുമുഖമതിലെ നിലാ-
വാകും ചിരിയും മതി

തിരുനീല നെറ്റിയില്‍
അഴകോടെ വിലസുന്നൊര-
ളകത്തിന്‍ ആനന്ദരസവും മതി

മിഴിയിലെ അഞ്ജനക്കറയില്‍
വീണിരുളിന്റെ അവസാനമാകും
ഞരക്കം മതി

തിരുമുഖം തന്നിലീ
ഈരേഴു ഭുവനങ്ങള്‍
കനിവോടെ കാട്ടുന്ന ചിത്രം മതി

അഹമെന്ന ബോധത്തിന്‍
പത്തികളിന്മീതെ
നടനമാടും പാദചലനം മതി

കരിപൂണ്ട മുഖവുമായ്
വില്വമംഗലമന്നു
കണികണ്ട ഭഗവാന്‍റെ കളികള്‍ മതി

വഴിതെറ്റി ധര്‍മ-
സമ്മൂഠനായീടുമ്പോള്‍
അലിവോലും ഗീതാരഹസ്യം മതി

സ്മൃതിയിലാ കാര്‍വര്‍ണ്ണം
ഓടിക്കളിക്കുന്ന
യമുന തന്‍ സ്നേഹപ്രവാഹം മതി

ഇതു മതി, ഭഗവാന്‍റെ
ചരിതങ്ങള്‍ പാടുവാന്‍
കുതുകിയാമീ ഭക്തഹൃദയം മതി

ഇനി മതി, മതിയിലീ
മതിയെന്ന വാക്കിനാല്‍
ഉയരുന്ന ശാന്തസമുദ്രം മതി

2 comments:

  1. ഇനി മതി, മതിയിലീ മതിയെന്ന വാക്കിനാല്‍
    ഉയരുന്ന ശാന്തസമുദ്രം ആ സന്നിധിയില്‍....'. ശാന്തം ,സുന്ദരം.

    ReplyDelete
  2. എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും....!

    ReplyDelete