Thursday, June 6, 2013

തിരിച്ചറിവിന്റെ നാൾ,,,

ഞാൻ പൊയ്ക്കഴിഞ്ഞ്
ഒരുപാട് നാളുകൾക്കു ശേഷം
ഈ വരൾച്ചക്ക് അറുതിയായി
ഒരു മഴ പെയ്യും.

പൊടിയടങ്ങിയ അന്തരീക്ഷത്തിൽ
ഒരു മഴവിൽപ്പുഞ്ചിരി വിരിയും.
ചെറുകുരുവികൾ വീണ്ടും
മൂളിത്തുടങ്ങും
മഴവെള്ളച്ചാലുകളിൽ വീണ്ടും
ചെറുമീനുകൾ നീന്തിത്തുടിക്കും.

ഞാൻ സൂക്ഷിച്ചു വെച്ച
എന്റെ കിനാവിന്റെ
മലർപ്പൊടിക്കുടം ഉടയും.
അതിൽ ഞാൻ പൂഴ്ത്തിവെച്ച
വാക്കിന്റെ വിത്തുകൾ
മണ്ണിൽ ചിതറും....

നനഞ്ഞ മണ്ണിന്റെ മാറിൽ
അവ കിളിർത്തൊരു
 മുല്ല പൂക്കും
അവയിൽ വണ്ടുകൾ
തേനുണ്ട് മദിക്കും.

എന്റെ കൈയിൽ
നിന്ന് കൊഴിഞ്ഞുപോയ
പൂക്കളെല്ലാം
ഉയിർക്കുന്ന ആ നാളിൽ
നീ എന്നെ തിരിച്ചറിയും....
ആ നാളിൽ
ഞാൻ എന്റെ പാട്ടിൽ
വീണ്ടുമുയിർക്കും 

1 comment:

  1. പുനരുദ്ധാരണത്തിന്റെ നാളില്‍......

    ReplyDelete