Monday, June 10, 2013

കളഞ്ഞു കിട്ടിയ മൊബൈല്‍........


കളഞ്ഞു കിട്ടിയ മൊബൈലില്‍
ഞാന്‍ വെറുതെ,
ഒരു രസത്തിന്
ഒന്നു പരതി നോക്കി......
 
എടുത്ത ചിത്രങ്ങളില്‍ എല്ലാം
അവര്‍ രണ്ടുപേര്‍ മാത്രം....
ചേര്‍ന്നിരുന്നും,
കെട്ടിപ്പിടിച്ചും,
ചിരിച്ചുകളിച്ചും......
 
ആകെ ഉണ്ടായിരുന്ന
ഒരു വീഡിയോ
എവിടെയോ ഒരു വെള്ളച്ചാട്ടത്തില്‍
വെച്ചെടുത്തത്......
 
കാള്‍ ഹിസ്റ്ററി
പറഞ്ഞ കഥകളില്‍
അവനു വിളിച്ചു തളര്‍ന്നതിന്റെ
നോവിന്‍റെ ചുവ....
ആദ്യമാദ്യം പല മണിക്കൂറുകള്‍
സംസാരിച്ചു തളര്‍ന്നത്....
പിന്നെപ്പിന്നെ
സംസാരിക്കാതെ
വിളിച്ചു തളര്‍ന്നത്....
 
ഒടുവില്‍ ഞാന്‍
മെസ്സേജുകളില്‍ എത്തി....
മധുരത്തില്‍ തുടങ്ങി...
പലപല നാളുകളില്‍
ഉറക്കമില്ലാതെ കുഴങ്ങി....
പ്രണയിച്ചും,
കലഹിച്ചും,
തൊട്ടു തലോടി പുന്നാരിച്ചും.....
ഒടുവില്‍,
എവിടെയോ ഇടറി വീണ,
എങ്ങോ പോയ്‌ മറഞ്ഞ
എന്തിനെന്നറിയാതെ നഷ്ടപ്പെടുത്തിയ
പ്രണയം.....
 
അവസാനത്തെ മെസ്സേജ്
ഇങ്ങിനെ പറഞ്ഞു:
"ഞാന്‍ പോകുന്നു,
നിനക്ക് ശല്യമാകാതെ
എന്‍റേതു മാത്രമായ
ഒരിടത്തേക്ക്....
ഞാന്‍ ജീവിച്ചതിന്റെ
അടയാളമായ്
നിന്‍റെ നെഞ്ചിലെ ആ പോറലും
ഈ മൊബൈലും
ഞാന്‍ ഉപേക്ഷിക്കുന്നു.....
വിട....."
 
ഇപ്പോള്‍ ഈ മൊബൈലിലേക്ക്
എവിടെ നിന്നോ ഒരു മിസ്ഡ് കാള്‍

1 comment:

  1. കഥ പറയുന്ന മൊബൈലുകള്‍

    കവിതയും അത് മുമ്പോട്ട് വയ്ക്കുന്ന ആശയവും നന്ന്

    ReplyDelete