Tuesday, June 4, 2013

നിന്നെ ഓര്‍ക്കുമ്പോള്‍.....

12/21/10 നു എഴുതിയ കവിത.... ഇപ്പൊള്‍ വായിക്കുമ്പോള്‍ ഒന്നു രണ്ടു വരികള്‍ നനായി തോന്നുന്നു...
--------------------------------------------------------------
നൂറു വട്ടം  മരിക്കും നിനക്കായി
നീറിടുമെരി തീയിലിറങ്ങിടും
നൂറു നിത്യനരകങ്ങള്‍ താണ്ടിടും
വേറെ എന്തും കൊടുക്കും പകരമായ്

അത്രമേല്‍  നിന്നെ  സ്നേഹിച്ചു പോകയാല്‍
എത്ര വേദനയും സ്വയമേറ്റിടും
അറ്റു പോകാത്ത കണ്ണികളാല്‍ നിന്നെ
പൂട്ടി വെക്കും ഹൃദയത്തിനുള്ളില്‍  ഞാന്‍

കണ്ണു പൊത്തിപ്പിടിക്കും വിലോലമാം
കന്നിമാസ നിലാവു കാണുമ്പോള്‍ ഞാന്‍
നിന്നെയോര്‍ക്കുന്നിതെന്‍ മനം, വീണ്ടുമാ
ധന്യസൌരഭ്യമേറ്റു  നില്‍ക്കുന്നിതാ

എത്ര രാക്കടല്‍ നീന്തിക്കടന്നു  നാം
ഇത്രയോളം അടുത്തുപോയോമലെ
എത്ര നോവിന്റെ കൂരമ്പു  കൊണ്ടു നാം
എത്ര ക്രൂരനഖരങ്ങള്‍  കണ്ടു നാം

അപ്പൊഴൊക്കെ നിനക്കു ഞാനും എനി-
ക്കൊപ്പമേ നിന്നു നീയും, പരസ്പരം
കുത്തി നോവിച്ചിടാതെ  നിന്നു, കണ്ണില്‍
പൂത്തു നില്‍ക്കും കിനാക്കളോടെന്നുമേ

ഓര്‍ത്തു പോകയാണിന്നു ഞാന്‍ നമ്മള്‍  കൈ-
കോര്‍ത്തു താണ്ടിയൊരാ വഴിയൊക്കെയും
പൂ പൊഴിയും ഗുല്‍മോഹര്‍  മരങ്ങള്‍ ഹാ!!
നീര്ത്തിയിട്ട ചുവന്ന വിരിപ്പുകള്‍

നമ്മള്‍ സൂര്യാസ്ത  സന്ധ്യയില്‍ ചെന്നിരു-
ന്നുള്ള  കായല്‍ കരയും, നിലാവില്‍ നാം
നെല്ലി തന്‍  ചോട്ടില്‍ കണ്ടു പരസ്പരം
സല്ലപിച്ചൊരു മാര്‍ഗഴി രാത്രിയും

കൈ പിടിച്ചു വരമ്പു  താണ്ടി ഒരു
മെയ്‌ മാസത്തിന്‍ പുലരിയില്‍, നീയെന്റെ
കാലടികള്‍ പതിഞ്ഞ നാടു  കാണാ-
നായി വന്നതും  ഓര്പ്പു ഞാന്‍ ഓമലെ

ഇന്നും ഉള്ളില്‍ നീ ഹംസധ്വനി, എന്റെ
തംബുരുവില്‍ വിമോഹനമാം ശ്രുതി
വിണ്ടുകീറിടും  ഈ മനസ്സില്‍ പെയ്ത
പുണ്യതീര്‍ത്ഥത്തിന്‍  സ്നേഹാര്‍ദ്ര  നിര്‍ജ്ഹരി

കണ്ണില്‍ നീ ഒളി ചിന്തുന്ന നെയ്ത്തിരി
മണ്ണില്‍ വന്നു പിറന്നൊരു കിന്നരി
വെണ്ണിലാവിന്റെ ലോലമാം  പുഞ്ചിരി
എന്നില്‍ വീണതാം പ്രേമത്തിന്‍ തീപ്പൊരി

അത്രമേല്‍ നിന്നെ സ്നേഹിച്ചു പോകയാല്‍
എത്ര ജീവിതമുണ്ടതിലൊക്കെയും  
നിന്റെതാകണമെന്നേ കൊതിപ്പു ഞാന്‍
നിന്റെ പ്രേമം നുകരാന്‍ തുടിപ്പു  ഞാന്‍

2 comments:

  1. എത്ര ജീവിതമുണ്ടതിലൊക്കെയും നിന്റെതാകണമെന്നേ കൊതിപ്പു ഞാന്‍
    :)

    ReplyDelete
  2. അത്രമേല്‍ സ്നേഹിച്ചു പോയതാല്‍.......





    നല്ല കവിത

    ReplyDelete