Saturday, June 1, 2013

നിന്നിലേക്കുള്ള വഴി....

പ്രഭോ, നിന്‍ വിളി കാതോര്‍ത്തീ
രാജവാടത്തില്‍ കാക്കവേ
അനങ്ങുന്നൂ നിഴല്‍ ചുറ്റും
പ്രേതരൂപങ്ങളെന്ന പോല്‍....

വരാനനുജ്ഞ വന്നിട്ടി-
ങ്ങൊരുപാടായി നാളുകള്‍
എഴുതിത്തീര്‍ന്നീലല്ലോ
നിനക്കായുള്ള പാട്ടുകള്‍

വരി തെറ്റാതെ, വാക്കെല്ലാം
ക്രമം തെറ്റാതെ, പ്രാസവും
വൃത്താലങ്കാരമൊക്കേയും
ശരിയാക്കി തിരുത്തിയും

ഈണത്തില്‍ പാടുവാന്‍ മട്ടില്‍
രാഗത്തില്‍ ചിട്ടയാക്കിയും
അക്ഷരപ്പിഴ കൂടാതെ
പകര്‍ത്തി ഭംഗിയാക്കിയും

നെഞ്ചോടടക്കി നില്‍ക്കുന്നു
പുതുതായ് പെറ്റൊരുണ്ണിയെ
മാരിക്കാര്‍ മൂടിടുന്നോരീ
സന്ധ്യയില്‍ രാജവീഥിയില്‍

പ്രഭോ, കാവല്‍ ഭടന്മാര്‍ നിന്‍
ചെവിയില്‍ വാര്‍ത്തയോതിയോ?
തിരക്കാകുക മൂലം നീ-
യെന്നെ തള്ളിക്കളഞ്ഞുവോ?

മിണ്ടാതെ നില്‍ക്കയാം കാവല്‍-
ക്കാരീ ഗോപുരവാതിലില്‍
അറിവീലിതു നിന്‍ മൌനം
കടം കൊണ്ടിട്ടു നില്‍പ്പതോ?

പറയൂ പാവമീ പാട്ടു-
കാരന്‍ നിനക്ക് പാവയോ?
കളിയോ എന്‍റെ ജീവന്‍റെ
അഴലാര്‍ന്ന വിപഞ്ചിക

തിരതല്ലുന്ന പ്രാണന്‍റെ
ആഴങ്ങളില്‍ നിന്നുമീ
കവി ചോദിച്ചു നോക്കുന്നു
പ്രഭോ കേള്‍ക്കുന്നതില്ലയോ

നേരമേറെയിരുട്ടീയീ
ശരീരം വിറകൊള്ളുവാന്‍
തുടങ്ങേ, കമ്പളം കൊണ്ടു
പൊതിഞ്ഞൂ ഞാന്‍ നിരാശനായ്

തിരിഞ്ഞെങ്ങോട്ടറിഞ്ഞീടാ-
തലക്ഷ്യം ഞാന്‍ നടക്കവേ
ഉള്ളു പൊള്ളുന്നു, മൂളുന്നു
അക്ഷരങ്ങള്‍ ചെവിക്കകം

വാക്കുകള്‍ ചിറകും വെച്ചു
പാറുന്നൂ ചുറ്റിലും, വൃഥാ
ഞാന്‍ വരച്ചിട്ടൊരീണങ്ങള്‍
ഒഴുകുന്നോവുചാലിലായ്

വിറ കൊള്ളുന്നു മസ്തിഷ്കം
നുറുങ്ങുന്നെന്റെയസ്ഥികള്‍
തലചുറ്റി കുഴഞ്ഞപ്പോള്‍
തെരുവോരത്തിരുന്നു ഞാന്‍

രാത്രി തന്‍ കുളിരില്‍ മുങ്ങി
കണ്ണീരില്‍ ആണ്ടിരിക്കവേ
ചാരെയായിട്ടനങ്ങുന്നു
നിഴല്‍ പോലൊരു മാനുഷന്‍

ശൈത്യത്തിന്‍ വിറയാല്‍ കൂനി-
യിരിക്കും വൃദ്ധനേകി ഞാന്‍
പഴക്കം ചെന്നതെന്നാലും
എന്‍റെയാ വര്‍ണ്ണ കമ്പളം

തംബുരു ശ്രുതി മീട്ടീ ഞാന്‍
പാടിയാ ഗാനമൊക്കെയും
നിനക്കേകുവതിന്നായി
കാത്തു സൂക്ഷിച്ചതൊക്കെയും

പാട്ടിന്നോളങ്ങളില്‍ നീന്തി-
യടിഞ്ഞ വന്‍കരക്ക്‌ മേല്‍
മൂടി നില്‍ക്കുന്നു കാര്‍മേഘം
പോലെ നിന്നുടെ ചാരുത

മേഘരാഗങ്ങളില്‍ ചിന്നി
ത്തെറിപ്പൂ നിന്‍റെ ഗീതകം
ഇടിവെട്ടിത്തരിക്കുന്നൂ
ദിഗന്തം നിന്‍റെ വാക്കിനാല്‍

താരകക്കണ്ണില്‍ മിന്നുന്നൂ
നിന്‍റെ ദീപ്തസ്വയംപ്രഭ
കാര്‍മുകങ്ങളില്‍ നിന്‍ ജീവ-
രാഗം നീര്‍ത്തുന്ന ശോഭകള്‍

മുളന്തണ്ടിന്‍ പ്രാണനാളം
വിടര്‍ത്തും മധുരസ്വരം
മുഴങ്ങീ ചെവിയില്‍ നിന്‍റെ
സന്ദേശാത്മക കാവ്യമായ്

"അന്തപ്പുരങ്ങളില്‍ പള്ളി-
മേടയില്‍ അമ്പലങ്ങളില്‍
എന്തിനെന്നെ തിരക്കുന്നൂ
വ്യര്‍ത്ഥം നീ പ്രിയ സോദരാ

പുസ്തകത്തിലെ വാക്യത്തില്‍
വൈദികന്‍റെ പ്രഭാഷണേ
എന്തിനെന്നുടെ വാക്കിന്‍റെ
സാന്ത്വനം തിരയുന്നു നീ

കണ്‍ തുറക്കുക! ചുറ്റും നീ
കാണ്മതൊക്കെ അറിഞ്ഞിടൂ,
ഞാന്‍ തന്നെയുരുവായുള്ള
ലോകം, എന്നുടെ ഭൂതികള്‍

ഞാനില്ലാതൊന്നുമില്ലെന്നെ-
ക്കൂടാതില്ല പ്രപഞ്ചവും
നീയുമീ വൃദ്ധനും പാട്ടും
കാലവും എന്‍റെ ലീലകള്‍

കാറ്റില്‍, കടലിലീ മഞ്ഞിന്‍
തുള്ളിയില്‍, മയില്‍പീലിയില്‍
വിടരും മഴവില്ലിന്മേല്‍
എഴുതുന്നെന്റെ വാക്കുകള്‍

ആരുമല്ലാത്ത വൃദ്ധന്നു
മോഹിക്കാതെ കൊടുക്കവേ
അറിയൂ നീയിരിക്കുന്നൂ
എന്‍റെ അന്തപ്പുരങ്ങളില്‍

എന്‍റെ മേല്‍ നീ ചാര്‍ത്തുന്ന
മുഷിഞ്ഞ കമ്പളത്തിനും
ഏകാന്തം നീയെനിക്കായി
പാടും നിന്നുടെ പാട്ടിനും

പകരം ഞാന്‍ തരുന്നൂ നീ
ചോദിക്കാതെന്‍റെ സൌരഭം
തുളുമ്പും ശാന്തമാം ജീവ-
രാഗം ചൂടും വിപഞ്ചിക"

ശാന്തതീര്‍ത്ഥം തുളുമ്പുന്നു
വിഷാദ കുസുമങ്ങളില്‍,
സാന്ദ്രരാഗം ചുരക്കുന്നൂ
അര്‍ഥം ചൂടുന്ന വാക്കിതില്‍

ഇരുളിന്‍ അന്തരാളത്തില്‍
പുലരിപ്പൊലി പാടവേ
നീ ചിരിക്കുന്നു പൂര്‍വാദ്രി
ചൂടും അരുണ ശോഭയായ്

4 comments:

  1. കനമേറിയ കവിത

    ReplyDelete
  2. ഉള്ളത് പറയാല്ലോ ഞാൻ ഒന്ന് എണ്ണിയതെ ഉള്ളൂ 30 stanza 120 വരികൾ അത്രയും നീളം എന്തായാലും ഉണ്ടാവും ആ വഴിക്ക് ഇനിയും കൂടട്ടെ കവിത ഞാൻ സമയം പോലെ വായിചോലം വായിച്ചാൽ പോരല്ലോ ഇതൊക്കെ ചൊല്ലുക തന്നെ വേണം, സമയം എടുത്തു രചിച്ച കവിതകള നിമിഷ കവിത പോലെ നോക്കി വിടുന്നത് ശരി അല്ലല്ല്ലോ

    ReplyDelete
  3. നന്ദി... എല്ലാര്‍ക്കും...

    ReplyDelete