Wednesday, May 29, 2013

തകര്‍ന്ന കപ്പല്‍....

തിരികെ നേടുവാന്‍ ആകാതെ പാതിയില്‍
വഴി മറന്ന പരാജിതനാണു ഞാന്‍

കരുണ പെയ്യുവാന്‍ മേഘങ്ങളെക്കാത്തു
തപമിരിക്കുന്ന ചാതകമാണ് ഞാന്‍

കുറിയ സ്വപ്നങ്ങളില്‍ വളപ്പൊട്ടുകള്‍
വിതറി വാര്‍മഴവില്ലെന്നു ചൊല്ലി ഞാന്‍

നിറമിഴിയില്‍ നിലാവിന്‍ കിനാവുകള്‍
കവിതയായ് വിടരുന്നതു കാത്തു ഞാന്‍

നിറമെഴാത്ത സ്വപ്നങ്ങളാല്‍ നെഞ്ചിതില്‍
നിണമൊഴുക്കി ചിരിക്കുവോനാണ് ഞാന്‍

കനലെരിയുന്ന കണ്ണുമായ് ശാന്തി തന്‍
കുളിര് തേടി നടക്കുവോനാണ് ഞാന്‍

വിട പറയാതെ കാറ്റിലലിഞ്ഞൊരു
നറുമണമായി മാറാന്‍ കൊതിപ്പു ഞാന്‍ 

നിലവിളക്കിന്റെ നാളമായ് ചുറ്റിലും
ഒളി വിടര്‍ത്തിയണയാന്‍ കൊതിപ്പു ഞാന്‍ 

പൊഴിയും സാന്ത്വനവാക്കിന്‍ കപടത
അഴിയുവാനായി കാക്കണം ഇന്നിയും
മൊഴിയുറഞ്ഞൊരു മൌനം വിടരുവാന്‍
ഇനിയും എത്രയോ നാളുകള്‍ കാക്കണം

കുതറിയോടും സമയത്തിനപ്പുറം
ചിതറി വീണ പ്രണയാശ്രുവാണു ഞാന്‍

ഒടുവിലെല്ലാ നിരാശക്കുമപ്പുറം
മരണമാം ആശ തേടുവോനാണ് ഞാന്‍

3 comments:


  1. ഒടുവിലെല്ലാ നിരാശക്കുമപ്പുറം
    മരണമാം ആശ തേടുവോനാണ് ഞാന്‍
    കവിത അതിമനോഹരം.

    ReplyDelete
  2. തിരികെ നേടുവാന്‍ ആകാതെ പാതിയില്‍ വഴി മറന്ന പരാജിതനാണു ഞാന്‍

    അതിമനോഹരം......

    ReplyDelete
  3. കവിതാകുസുമം

    ReplyDelete