Sunday, April 7, 2013

നഷ്ടമായ വചനം...

ഇനി മരണ നാളിന്‍ പ്രതീക്ഷയില്‍ ഞാനെന്‍റെ
ദിനരാത്രമെല്ലാം കുടിച്ചു തീര്‍ക്കാം
ഇരുളില്‍ ഇര തേടും സ്വപ്നങ്ങളില്‍ എന്‍റെ
ചപലമോഹങ്ങളെ ഞാന്‍ കുരുക്കാം

വെയില്‍നാളമേല്‍ക്കാത്ത കാട്ടാറുപോല്‍ നെഞ്ചില്‍
ഒഴുകിടുന്നൂ രുധിരനദിയെങ്കിലും
മതി, മറക്കാമെന്നെയിനി ലോകമേ നിന്‍റെ
മടിയില്‍ നിന്നെന്നുടെ പടിയിറക്കം

നെറികേടുകള്‍ക്ക് നേര്‍ക്കെതിരിടാന്‍ ഉള്ളിലെന്‍
പ്രതിഷേധമിന്നും ജ്വലിച്ചു നില്‍ക്കെ
പൊരുതുവാന്‍ ശക്തിയില്ലാതെന്റെ കണ്ണുനീര്‍-
പ്പുഴയിലാണിപ്പോഴും ഒഴുകുന്നു ഞാന്‍

മുഴുവനായീടാത്ത കവിതകള്‍ ചൊല്ലുവാന്‍
മനസിപ്പൊഴും വെമ്പിടുന്നെങ്കിലും
എഴുതുവാന്‍ ത്രാണിയില്ലാതെന്റെ മേശമേല്‍
വെറുതെ ഹാ കോറി വരയ്ക്കുന്നു ഞാന്‍

വെറുതെയീ പുലരികള്‍ പുണരുമ്പൊഴും ചൈത്ര-
മുടയാടകള്‍ നെയ്തു പട്ടുടുക്കുമ്പൊഴും
അഴലിന്റെ ആഴങ്ങളില്‍ ചെന്ന് കേഴുവാന്‍
പതിതനാം എന്നെ ഉപേക്ഷിക്കുക

ഇരുളിന്നകത്തു പ്രകാശം കിനാക്കണ്ടു
മരണത്തില്‍ ജീവിതത്തിന്‍ തുടിപ്പെ കണ്ട്
ഇനിയും പറയുവാന്‍ ബാക്കിയാം വാക്കിന്‍റെ
തണല്‍ പറ്റി ഞാനിന്നു വിട ചൊല്ലവേ

ഒടുവിലത്തെപ്പുഴയും വറ്റുന്ന നാള്‍, നിന്‍റെ
കവിതയില്‍ വാക്കുകള്‍ പുഴുവരിക്കുന്ന നാള്‍
അവസാന തണലും കടപുഴകുന്ന നാള്‍,
തിരുവാതിര ചുട്ടു പൊള്ളുന്ന നാള്‍, കാറ്റില്‍
കരിയുന്ന മാംസഗന്ധം ഒഴുകുന്ന നാള്‍
നിലവിളികള്‍ കേട്ടു നിന്‍ കാതു പൊട്ടുന്ന നാള്‍
നിഴലുകളെ പോലും ഭയപ്പെട്ടിടുന്ന നാള്‍
നീര്‍ന്നായ്ക്കളില്‍ നിന്ന് മനുജന്‍ പിറന്ന നാള്‍

അന്ന് നീ വീണ്ടും വരികയെന്‍ പാട്ടിന്‍റെ
തംബുരു മീട്ടും ശ്രുതിയില്‍ ലയിക്കുക
അന്ന് നീ വീണ്ടുമോര്‍മ്മിക്കുക എന്നെയും
എന്തിനോ നഷ്ടപ്പെടും വചനത്തെയും

2 comments:

  1. അന്ന് നീ വീണ്ടും വരികയെന്‍ പാട്ടിന്‍റെ
    തംബുരു മീട്ടും ശ്രുതിയില്‍ ലയിക്കുക
    അന്ന് നീ വീണ്ടുമോര്‍മ്മിക്കുക എന്നെയും
    എന്തിനോ നഷ്ടപ്പെടും വചനത്തെയും


    വായിച്ചു:
    എന്നത്തെയും പോലെ ഇതും മനോഹരകവിത

    ReplyDelete
  2. Nandi...
    Ente sthiram vayanakkara :)

    ReplyDelete