Tuesday, April 2, 2013

അന്ധ ഗായകന്‍

 നു എഴുതിയ കവിത
==================================================================

കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്ന് മടങ്ങി വരുമ്പോള്‍, ബസ്‌ സ്റ്റാന്‍ഡില്‍ ഒരു അന്ധനായ മനുഷ്യനെ കണ്ടു. മറ്റാരുടെയോ കാഴ്ച്ചയുടെ ഔദാര്യത്തില്‍ സഞ്ചരിക്കുന്ന ഒരു യാത്രികന്‍.

പണ്ട് വീടിനടുത്തുള്ള ഒരു സ്വയം സഹായ കേന്ദ്രത്തില്‍ കാഴ്ചശക്തി ഇല്ലാത്ത സഹോദരങ്ങളോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍ ഓര്‍ത്തു - അവരോടൊപ്പം കളി പറഞ്ഞിരുന്നതും, ഭജന പാടിയതും, ചന്ദനത്തിരി വില്‍ക്കാന്‍ പോയതും എല്ലാം...

ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച് ആദ്യത്തെ ചില വരികള്‍ എഴുതി. പിന്നീട് മുഴുമിച്ചു.

അന്ധ ഗായകന്‍
--------------------
ഇരുളാണ് ചുറ്റും ഇരുട്ടിന്‍റെ അറ്റത്തി-
ലെങ്ങോ വെളിച്ചമുണ്ടായിരിക്കാം
കുരല്‍ പൊട്ടി കണ്ണുകളുരുട്ടി ഞാന്‍ പാടുന്ന
പാട്ടിന്‍ ശുഭാന്ത്യമുണ്ടായിരിക്കാം

ഉയിരില്‍ നിലാവിന്‍റെ പ്രഭയുമായ് മിന്നുന്ന
തിരിനാളമങ്ങു ജ്വലിച്ചിരിക്കാം
ഉറയിട്ടു ഞാന്‍ വെച്ച പാട്ടില്‍ മയങ്ങുന്ന
കനിവാര്‍ന്ന ജ്യോതിസ്സുണര്‍ന്നിരിക്കാം

ശകുനം മുടക്കിയായ് എന്നെ കണക്കാക്കും
അകമിഴി മൂടിയോര്‍ എന്തറിഞ്ഞു
ഒരുവേള ലോകം തിരഞ്ഞീടുമീണങ്ങള്‍
അവിടെന്നെ കാക്കുകയായിരിക്കാം

കരുണ തന്‍ വറ്റാത്തൊരുറവുകള്‍ വീണ്ടുമാ
ചെറുപാട്ടില്‍ തംബുരു ചേര്‍ത്തിരിക്കാം
സുഖദമാം കാറ്റിന്‍ വിലോലമാം കയ്യുകള്‍
അവ മീട്ടി ഉന്മാദമാര്‍ന്നിരിക്കാം

വിധിയെന്ന കര്‍ക്കശ നിയമത്തിലിങ്ങൊരു
സ്ഖലിതമായ്‌ ജീവിതം ബാക്കി നില്‍ക്കെ
അറിയില്ലയൊരുവേള ഇരുള്‍ മാഞ്ഞു നാളെയെന്‍
മിഴിയിലും സൂര്യന്‍ ഉദിച്ചു പൊങ്ങാം

കരള്‍ വെന്തു നീറുന്ന വന്യമാമിരുളിന്റെ
ഇടനാഴിയില്‍ ഞാനിഴഞ്ഞിടുമ്പോള്‍
കുഴലൂതിയടിയന്റെ ഹൃദയത്തില്‍ നിറയുന്ന
നിഴല്‍ നീക്കി നീയെന്നു വന്നു ചേരും

ദയയുടെ  തുള്ളിയും അവിഹിത സ്വാര്‍ഥത-
ക്കൊടുവെയിലേറ്റിങ്ങുണങ്ങിടുമ്പോള്‍
അറിയില്ലയെന്നു ഞാനെന്റെയാ സുമധുര
ഗഗന പ്രകാശത്തെ പുല്‍കിടുന്നു

വഴി തെറ്റി സ്നേഹ മരീചിക തേടുന്ന
പിഴയാര്‍ന്ന ലോകത്തിന്‍ മുന്നിലിന്നും
അഴലിന്റെ അഴിമുഖം കാണുന്ന ജീവനു
വഴിവിളക്കാകുമീ പാട്ടു പാടാന്‍
വെറുമൊരു അന്ധനാം ഗായകന്‍ ഞാന്‍, നിങ്ങള്‍
അറിയുകയില്ലെന്നെ എങ്കിലെന്ത്?
വിറയാര്‍ന്നൊരെന്‍ കൈകള്‍ മീറ്റും ശ്രുതി നിന്നില്‍
നിറനിലാവായി പടര്‍ന്നിരിക്കാം

ചുരമാന്തിടും ഹൃത്തില്‍ നിരവധി വേതാള
സ്മരണകള്‍ താണ്ഡവം ആടിടുമ്പോള്‍
തിരതല്ലും നിസ്സഹായത്വ പ്രതീകമായ്
ചെറുവടി വീശി ഞാന്‍ പിച്ച വെക്കേ

വഴിമാറിടാം നിങ്ങള്‍ അല്ലെങ്കില്‍ അറിയാതെ
ഒരു തള്ളലാലെന്നെ വീഴ്ത്തിയേക്കാം
പൊടി തട്ടിയെഴുനേറ്റു ഒരു ചിരിയോടെ ഞാന്‍
തുടരും അഭംഗുരം എന്‍റെ ഗാനം

ഇതു തന്നെ ജീവിതം മാറുകയില്ല മേല്‍
അറിയാമതെങ്കിലും ഞാന്‍ വെറുതെ
ഇരുളിന്‍ നിഗൂഢസ്മിതങ്ങള്‍ക്കു പിന്നിലെ
പകല്‍ വെളിച്ചത്തെ കിനാവു കാണ്മൂ

നിറവാര്‍ന്ന വാനത്തെ, പച്ചപ്പുല്‍ത്തണ്ടിനെ,
നിറമേഴും ചാലിച്ച മാരിവില്ലെ
നിറപറ വെക്കുന്ന മേടപ്പുലരിയെ
അറിയാതെ ഞാനും കൊതിച്ചിടുന്നു

വരികെന്‍റെ പാട്ടിന്നകമ്പടി പാടിടും
മുരളിയൂതും ഗോപബാലകാ നീ
ഇരുളിന്റെയീ മറ നീക്കി നീ നിന്നുടെ
സ്വരരാഗധാരയില്‍ എന്നെയാഴ്ത്തൂ

പുതിയ പ്രഭാതം വിടരുന്നതു വരെ
പുതുമഞ്ഞിന്‍ കണമൊന്നു മായും വരെ
ഇതുവഴി വന്നുപോം മാനുഷര്‍ക്കായി ഞാന്‍
കദനകുതൂഹലം* ആലപിക്കാം

വെറുമൊരു അന്ധനാം ഗായകന്‍ ഞാന്‍, നിങ്ങള്‍
അറിയുകയില്ലെന്നെ എങ്കിലെന്ത്?
ഒരു നല്ല നാളെ കിനാവു കണ്ടിന്നു ഞാന്‍
തിരുനാമകീര്‍ത്തനം ചെയ്തിരിക്കാം


ഇരുളാണ് ചുറ്റും ഇരുട്ടിന്‍റെ അറ്റത്തി-
ലെങ്ങോ വെളിച്ചമുണ്ടായിരിക്കാം
കുരല്‍ പൊട്ടി കണ്ണുകളുരുട്ടി ഞാന്‍ പാടുന്ന
പാട്ടിന്‍ ശുഭാന്ത്യമുണ്ടായിരിക്കാം

* കദനകുതൂഹലം - കര്‍ണ്ണാടക സംഗീതത്തിലെ ഒരു രാഗം

സ്വന്തം വീട്ടില്‍ നടക്കുന്ന സന്തോഷങ്ങളില്‍, ഉറ്റവരുടെ ഓര്‍മ്മ നാളുകളില്‍ ഇവരെ കൂടി ഓര്‍ക്കുക... നന്മ അത്ര വിലയേറിയ ഒരു വസ്തുവല്ല...

See
http://sakshamseva.org/


Cheques, DD,  Cash may be sent to:

Mathrujyothi Balasadanam
Account No: 32620632948
IFS CODE: SBI N 0012862
SBI, VADAKKANTHARA BRANCH, PALAKKAD

KrishnaJyothi Swasraya Kendram, Soordas Nagar, Vadakkumthara P.O, Palakkad-678012
Phone: 0491-2504911


1 comment: