Tuesday, April 9, 2013

ഇരുമ്പു താഴുകള്‍....

9/29/12 നു എഴുതിയ കവിത
-------------------------------------
ഇരുമ്പു താഴുകള്‍ക്ക് ഇടയിലൂടെ
ബുദ്ധിമുട്ടി ആ താക്കോല്‍ തിരിയുന്ന ശബ്ദം....
എത്ര നാളായി ഞാന്‍ ഇവിടെ,
ഈ ഇരുള്‍ മുറിയില്‍....
മുകളിലെ വെന്റിലേറ്റര്‍ വഴി
ഇന്നലെ വന്ന ചിത്രശലഭം
കിടക്കയില്‍ ചത്തു മലച്ചു കിടക്കുന്നുണ്ട്...
മൂലയില്‍ ഒരിടത്ത് ഭക്ഷണം തരുന്ന പാത്രവും
ഒരിടത്ത് വെള്ളക്കൂജയും....

ഇനി അല്പം കഴിഞ്ഞാല്‍
വെളിച്ചം വരും.
അപ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കിയടക്കും.
വെളിച്ചം എന്റെ ശരീരത്തെ
സ്വതന്ത്രമാക്കും.
പിന്നീട് എന്റെ ആത്മാവിനെ പിച്ചിച്ചീന്തും.
ഒടുവില്‍, ചുരുട്ടിയ മുഷിഞ്ഞ ഒരു നോട്ട്
എനിക്ക് തന്നിട്ട്, അത് എഴുന്നേറ്റു പോകും..
പിന്നെയും താക്കോല്‍ തിരിയും,
പിന്നെ ഞാന്‍ വീണ്ടും ഈ ഇരുള്‍ മുറിക്കുള്ളില്‍ തന്നെ...

ഈ ഇരുട്ടിനെ ഞാന്‍
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
ഇതെന്നെ ഉപദ്രവിക്കാറില്ല...
പതുക്കെ തലോടി എന്റെ മുറിവുകളെ
ഉണക്കാറുണ്ട്,
പാട്ട് പാടി എന്റെ ഭയം
നീക്കിക്കളയാറുണ്ട്,
മിന്നാമിന്നികളെ
എനിക്ക് കൂട്ട് കിടത്താറുണ്ട്......

ഭയം വെളിച്ചത്തെ ആണ്,
വെളിച്ചം കൊണ്ട് വരുന്ന
ഇരുട്ടിന്റെ ദല്ലാളന്മാരെയും......

3 comments:

  1. വെളിച്ചത്തെ പേടിച്ചാല്‍ എന്തുചെയ്യും?

    ReplyDelete
  2. Oru murikkullil poottiyittu peedippikkappedunnavarkk angineyalle thonnoo...

    Vayanakk nandi

    ReplyDelete
  3. വെളിച്ചം ദു:ഖമാണുണ്ണി
    തമസ്സല്ലോ സുഖപ്രദം

    ReplyDelete