Thursday, April 11, 2013

വിഷുപ്പുലരി...

തൂമഞ്ഞിന്‍ തുള്ളികള്‍ക്കായ്ക്കസവുകള്‍ മെനയും പൊന്‍ പ്രഭാതം വിടര്‍ന്നും
കൊന്നപ്പൂക്കള്‍ ചിരിച്ചും, തൊടിയില്‍ പലനിറം നീര്‍ത്തിയും മേടമെത്തേ
മുറ്റത്തെ മാവിലെല്ലാം കുയിലുകള്‍ മധുരം പഞ്ചമം പാടിടുമ്പോള്‍
എന്തേ നീയിങ്ങു ദൂരെക്കനവിതില്‍ കണി വെച്ചിട്ടോര്‍മ്മയില്‍ പാടിടുന്നൂ

കാലത്തേ കണ്‍ തുറക്കാതിരുളിതില്‍ പതിയെ പിച്ചവെച്ചാ മഹസ്സാം
ജ്യോതിസ്സെ കണ്ടു കണ്ണും അകതളിരുകളും പുത്തനാം നാമ്പിടുമ്പോള്‍
കൈനീട്ടം വാങ്ങി നാണ്യക്കിലുകിലമുയരും പുത്തനാമീയുഷസ്സിന്‍
സായൂജ്യം ബാക്കി നിര്‍ത്തീട്ടകലുക!!യിതിലും കഷ്ടമെന്തുള്ളു ചൊന്നാല്‍

ഓരോ കമ്പിത്തിരിക്കും, ചിതറിടും വിഷുചക്രത്തിനും പൂത്തിരിക്കും,
ഓലക്കും, മാലകള്‍ക്കും, നിറമനവധിയുണ്ടീയുഷസ്സില്‍ പടര്‍ത്താന്‍
നീയില്ലാതെന്തു മേടപ്പുലരി വരുവതെന്നോര്‍ത്തിടും അമ്മ നെഞ്ചിന്‍
ചെഞ്ചോരച്ചോപ്പു മാത്രം വിടരും പുലരികള്‍ ഏറ്റുവാങ്ങുന്നു പക്ഷെ

വിത്തില്ലാ, ഉള്ളതെല്ലാം ഒരു മണിയൊഴിയാതൊക്കെയും വെച്ചു തിന്നും,
കൈക്കോട്ടില്ലാതെ പാടം മുഴുവന്‍ പുതുപണത്തിന്‍ മുന്നില്‍ തീറായി വെച്ചും,
'ഒത്തില്ലാ വന്നിടാനെ'ന്നൊരു മൊഴി കളവില്‍ ചേര്‍ത്തു നീ കാഴ്ച്ച വെക്കേ
ക്ഷുദ്രം നിന്‍ ജീവിതത്തിന്നിനിയൊരു ഗതി നീയെങ്ങു കാംക്ഷിച്ചിടുന്നു?

മാമ്പൂ ഗന്ധത്തില്‍ നിന്നും, മധുരമധുരമായ് പെയ്തിടും പൂങ്കുയില്‍ തന്‍
കൊമ്പത്തെപ്പാട്ടില്‍ നിന്നും, കണിയില്‍ നിറയുമോരുണ്ണി തന്‍ കാലില്‍ നിന്നും,
അമ്പേ നീയറ്റു പോകേയറിയുക പുതുതാമമ്പുകള്‍ രാകി നില്‍ക്കും
അന്‍പില്ലാക്കാലമത്രേ കണിയരുളുകയീ നന്മകള്‍ നീ വെടിഞ്ഞാല്‍

രാവേറെ വൈകിയില്ലാ, വഴികള്‍ ഇനിയുമേ വിട്ടുപോയിട്ടുമില്ലാ
കാവില്‍ കല്ലിന്‍ വിളക്കില്‍ തിരികള്‍ മുഴുവനായ് കെട്ടുപോയിട്ടുമില്ലാ
വാ വേഗം നാടുണര്‍ത്തും വിഷുവിലുദയമായ് നവ്യരാഗങ്ങള്‍ പാടാന്‍
വേവുന്നോരമ്മ, കാണാന്‍ കൊതിയുടന്‍ മരുവും കാഴ്ചയായ് മാറിടാനായ്....

2 comments: