Monday, April 1, 2013

ആകാശവടിവ്


1/20/11 നു എഴുതിയ കവിത
------------------------------------
ആകാശം പോലെയാണ് ഞാനും.
അടുത്തടുത്തു വരും തോറും
നിനക്കെന്നിലേക്കുള്ള അകലം
ഏറുകയാണ് സുഹൃത്തേ..........

എന്റെ നീലിമ
മാഞ്ഞു കറുപ്പാകും.
എന്റെ കിനാവിന്റെ
മേഘശകലങ്ങള്‍
അനന്തതയില്‍ അലിഞ്ഞില്ലാതാകും.
നീ ഏറെ ഇഷ്ടപ്പെട്ടിരുന്ന
എന്റെ സാമീപ്യത്തിന്റെ
കുളിര്‍കാറ്റു നിനക്ക് നഷ്ടമാകും.
നീ കണ്ടിരുന്ന
തിങ്കള്‍ക്കലയും,
പൌര്‍ണ്ണമി നിലാവും,
മഴവില്ലും,
സന്ധ്യാ പരാഗങ്ങളും,
എല്ലാം...മാഞ്ഞു പോകും.....

ആകാശം പോലെയാണ് ഞാനും.......
എന്നെ തേടി വരുന്നവന്
എനിക്കു കൊടുക്കുവാനുള്ളത്‌
എന്നുമുള്ള ഒരു തേടലാണ്.....
എന്നെയും അവനവനെയും......

1 comment:

  1. ആകാശം പോലെ വിസ്തൃതം

    ReplyDelete