Thursday, March 7, 2013

കളവ്....


ഇന്നലെയുടെ
ബാക്കിയാം ഞാനും
ഇന്ന് തന്നിലേ-
ക്കുറ്റു നോക്കീടെ
കണ്ടതെന്തൊക്കെയോ
ആര്‍ക്കറിയാം
പണ്ടുണ്ടായവയൊന്നുമേയില്ല

കണ്ണില്‍ വെള്ളം
വരുന്ന വരേയ്ക്കും
അന്ന് ചൊന്ന തമാശകളില്ല
വെണ്ണിലാവിന്‍
സുറുമയെഴുതി
നിന്ന വാനിന്‍
നിറങ്ങളുമില്ല

കിങ്ങിണി തൂക്കി
നില്‍ക്കുന്ന കൊന്ന-
പ്പൊന്നില്‍ മുങ്ങും
വിഷുക്കാലമില്ല
രാമഗാനലഹരിയില്‍
മുങ്ങും
മാമഴ പെയ്ത പഞ്ഞവുമില്ല

പൈക്കിടാവിനെ
മേയ്ക്കുവാന്‍
പച്ചപ്പുല്ലു
പാകിയ മൈതാനമില്ല
ആമ്പല്‍ മൊട്ടിന്‍
കരളില്‍ തൊടുന്ന
സാന്ദ്ര സംഗീത
മാധുരിയില്ല

കാട്ടുചെമ്പക-
പ്പൂമണമേന്തും
കാറ്റ് ചൊന്ന
സ്വകാര്യങ്ങളില്ല
കൂട്ടുകാരൊത്തു
ആര്‍ത്തു തിമിര്‍ക്കും
അമ്പലക്കുളം
കാണുവാനില്ല

ഓമനത്തമി-
ല്ലോര്‍മ്മകളില്ല
ഓല മേഞ്ഞ
പശുത്തൊഴുത്തില്ല
ഓടി വന്നെന്നെ
ചേര്‍ത്തു പുണരാന്‍
ഓണ രാവിന്‍
നിലാവലയില്ല


ഉള്ളില്‍
സ്നേഹം ജ്വലിപ്പീല,
കണ്ണില്‍ ദുര്‍മ്മദം
തല താഴ്ത്തുന്നുമില്ല
സ്വാര്‍ത്ഥത
കൈയയുക്കുന്നതില്ല
ഓര്‍ത്തെടുക്കാന്‍
ഒരീണവുമില്ല

ചെത്തവും ചൂരുമില്ലാ
മനസ്സില്‍
കത്തിടും സ്മൃതി നാളങ്ങളില്ലാ
കാത്തിടാനൊരു
പൂത്ത വസന്ത
പ്രാര്‍ത്ഥന പോലും
നെഞ്ചിതിലില്ല

ഇന്നലെ വെച്ച
ജീവനാമെന്നെ
ഇന്നിലൂടെ
ഞാന്‍ കാണുന്ന നേരം
ഒന്നറിയുന്നു
ഞാനറിയാതെ 
എന്നെയാരാണ്ടോ
കട്ടോണ്ടു പോണു 

No comments:

Post a Comment