Tuesday, March 5, 2013

കാണാതെ പോകുന്നോ?

കേമം ആവില്ലെന്നാലും, വെറുതെയൊരു കവിത
----------------------------------
കാടു കണ്ടോ?
മരങ്ങള്‍ കണ്ടോ?
കാട്ടരുവി തന്‍
പോക്ക് കണ്ടോ?
കാറ് മൂടുമാകാശത്തില്‍
നീര്‍ന്നെഴും മഴവില്ലു കണ്ടോ?

പിച്ചകത്തിന്‍
മണം നുകര്‍ന്നോ?
മച്ചകത്തെ വിളക്കു കണ്ടോ?
കാച്ച്യ മോരിന്റെ
സ്വാദു നാവില്‍
തേച്ച ബാല്യ
സ്മരണയുണ്ടോ?

കൂട്ടു തെറ്റി-
പ്പറന്നകന്ന
കാട്ടു തത്ത തന്‍
തേങ്ങല്‍ കേട്ടോ?
ദൂരെ തീവണ്ടിയൊച്ച പൊന്തും
രാവില്‍ ന്‌ലാവിന്‍
വിരലു തൊട്ടോ?

ചീര്‍ത്ത സ്വാര്‍ത്ഥം
പകുത്തിടാത്ത
നാട്ടുമണ്ണില്‍
നടന്നിട്ടുണ്ടോ?
കൂര്‍ത്ത കണ്ണുകള്‍
തേടിയെത്താ
മാഞ്ചുവട്ടില്‍
ഇരുന്നിട്ടുണ്ടോ?

താളി തേച്ചു
കുളിച്ചിട്ടുണ്ടോ
താളമിട്ടൊന്നു
പാടിയോ നീ
ആലു കാക്കുന്ന
ദൈവങ്ങളെ
പോം വഴിക്ക്
തൊഴുതിട്ടുണ്ടോ

സന്ധ്യയില്‍
നിറമാല കണ്ടോ
സിന്ധുഭൈരവി
കേട്ടിട്ടുണ്ടോ
മന്ദമാരുതന്‍ വീശിടുന്ന
ചന്ദന മണം
ആസ്വദിച്ചോ?

നാടു കണ്ടും
നഗരം കണ്ടും
മായികസ്വപ്ന
ലോകം കണ്ടും
നീ നടക്കവേ
കാല്‍ച്ചുവട്ടില്‍
തേങ്ങിടും നിളാ-
തീരം കണ്ടോ??

2 comments: