Monday, March 4, 2013

കവി ചിരിക്കുന്നു


6/3/10 നു എഴുതിയ കവിത
------------------------------------------------
കവി ചിരിച്ചു, ചിരിക്കാതെ വേറെന്തു
പറയുവാനീ നശിച്ച കാലങ്ങളില്‍
കവിതയൂട്ടി വളര്‍ത്തിയോരൊക്കെയും
കനവില്‍ മായും അനാഥതീരങ്ങളില്‍ 

വഴി മറന്നു നിരാലംബനായ് ഒന്നു
നിലവിളിക്കണം എന്ന് തോന്നുമ്പൊഴും
വരിക തന്നിടാം എന്ന് കൂട്ടിച്ചെന്നു
വെറുതെയെന്നോതി ആര്‍ത്തു ചിരിക്കിലും

ഹൃദയകൂപത്തിനുള്ളില്‍ കബന്ധങ്ങള്‍
അലറി വീണ്ടും പിടഞ്ഞെണീക്കുമ്പൊഴും
ഗുരുവിനായ് കാഴ്ച്ച വെച്ച വിരലുകള്‍
പഴകി നാറി ഉറുമ്പരിക്കുമ്പൊഴും

കുതികൊള്ളും രഥചക്രം ചതുപ്പിതില്‍
പകുതിയാണ്ടെന്നെ വഞ്ചിച്ചിടുമ്പൊഴും
ഇവിടെ സ്നേഹം പകര്‍ന്നവര്‍ ശത്രുവിന്‍
പടയൊരുക്കത്തില്‍ പുഞ്ചിരിക്കുമ്പൊഴും

കവി ചിരിക്കുന്നു, നിത്യപീയൂഷത്തിന്‍
മഹിതമാം കുളിര്‍പ്പുഞ്ചിരി തൂകുന്നു
കവി ചിരിക്കുന്നു, അണ്ഡപ്രപഞ്ചത്തില്‍
അവ പ്രതിധ്വനിക്കുന്നൂ നിരന്തരം

3 comments:

  1. കവിതയൂട്ടി വളര്‍ത്തിയോരൊക്കെയും
    കനവില്‍ മായും അനാഥതീരങ്ങളില്‍

    അര്‍ഥവത്തായ വരികള്‍ ....

    ReplyDelete