ചാകുവാനായ് ഉറച്ചവന്നെന്നും
നൂറു കാരണം നീട്ടുവാനുണ്ട്
ബ്ലേഡുകാരന്റെ ശല്യം ഭയന്ന്
വീട് വിട്ട പിതാവില്‍ തുടങ്ങും
അച്ഛനില്ലാത്ത തഞ്ചത്തില്‍ വീട്ടില്‍
മെച്ചം തേടി വരുന്നോരിലെത്തും
തീപ്പെട്ടിക്കോല് കത്തിച്ച വീടിന്
പൂര്‍വകാല പ്രതാപം സ്മരിച്ചും
മച്ചിനുള്ളില് കെടാവിളക്കുള്ള
അച്ചരിത്രം മുഴുവന്‍ വര്‍ണ്ണിച്ചും
ഇപ്പോള്‍ വീട്ടിലെ അംഗങ്ങള്‍ ചെയ്യും
ധൂര്ത്തിലെത്തി ഒരല്പം നിലക്കും
താന്‍ സഹിച്ച വിഷമങ്ങളെല്ലാം
അക്കമിട്ടു നിരത്തി വര്‍ണ്ണിക്കും
"ടൈപ്പടിക്കുവാന് പോയവള്‍ ബസ്സിന്
സ്റ്റോപ്പടിക്കും കിളിക്കൊപ്പം പോയി
പിന്നോരുത്തി സഹോദരി വീട്ടില്‍
തുന്നല്‍ ചെയ്യുന്നു കല്യാണമില്ല
രണ്ടു ചേട്ടന്മാര് ഉള്ളവരച്ചി
കണ്ണുരുട്ടിയാല്‍ മൂത്രമൊഴിപ്പോര്
കുഞ്ഞനിയനോ ജോലിയില്ലാതെ
പന്ന രാഷ്ട്രീയ വേലയ്ക്കു പോണു
ഞാനൊരാളുണ്ട് ഭാരം വലിക്കാന്‍
ഇത്രപേരുടെയൊറ്റക്കു പക്ഷെ
എങ്കിലെന്താര്ക്കും ഇല്ല ഒരല്പം
പൊലുമെന്നെ ബഹുമാനമോര്ക്ക
ഒന്നുമില്ലെങ്കിലും രണ്ടു നേരം
തിന്നുവാനായ് കൊടുക്കുവോനല്ലേ
എത്ര ബുദ്ധിമുട്ടാണെങ്കിലും അതീ-
യിത്രകാലം സഹിച്ചവനല്ലേ
എത്രകാലം ഞാന്‍ ഇങ്ങിനെ പോകും
എത്ര കാശു പലിശക്ക് വാങ്ങും
എത്ര കാലമീ മണ്ണില്‍ പിടയും
നെഞ്ചുമായി ഞാന്‍ ഇങ്ങിനെ വാഴും"
പിന്നെയും പലതും അവന്നോതും
ഒന്നൊഴികെ, അതാത്മവിശ്വാസം
ഖിന്നനായി പലതും പുലമ്പും
തന്നില്‍ നിന്നും തുടങ്ങേണ്ടതെന്ന്യേ
ചാകുവാനായ് ഉറച്ചവന്നെന്നും
നൂറു കാരണം നീട്ടുവാനുണ്ട്
നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതുക
ReplyDeleteNandi
ReplyDelete