Saturday, March 30, 2013

നിന്നെ കണ്ട രണ്ടുപേര്‍.....


6/15/12 നു എഴുതിയ കവിത
--------------------------------------
നിന്റെ വിളര്‍ത്തു വരണ്ട
കൈ വെള്ളയില്‍,
ഒരു നാണയത്തിന്റെ വട്ടത്തില്‍
തുളഞ്ഞ ആണിപ്പാട്.
പാറിപ്പറന്ന മുടിയിഴകളില്‍
കട്ട പിടിച്ചു നില്‍ക്കുന്ന രക്തം.
അതിനു താഴെയായി വൃത്താകൃതിയില്‍
നിന്റെ കിരീടചിഹ്നം.
കഴുത്തിനു താഴെ
ശരീരത്തില്‍ അങ്ങിങ്ങായി
നിരവധി മുറിവുകള്‍,
ചതവുകള്‍,
മാംസം പറിഞ്ഞു പോന്ന കുണ്ടുകള്‍,
ചോരയൊലിച്ചു പോയ കനല്‍പാതകള്‍.....
 
എല്ലാവരും കണ്ടു,
കുരിശു ചുമന്നു നീ താണ്ടിയ വഴിയെല്ലാം
നാട്ടുകാര്‍ അത്ഭുതത്തോടു കൂടി നിന്നെ
നോക്കി നിന്നു.
നിന്റെ ശരീരം വാര്‍ന്ന രക്തവും
ഹൃദയം പിഴിഞ്ഞ നോവും....
ശിഷ്യന്മാര്‍ അന്നേ നിന്നെ
തള്ളിപ്പറഞ്ഞവരല്ലോ.
 
പക്ഷെ ആരും കാണാതെ
നിഗൂഢമായി  നീ പുഞ്ചിരിച്ചതും,
കണ്ണടച്ചു പിതാവിന്റെ
പേര് വിളിച്ചതും,
നിന്റെ കണ്ണില്‍ കാരുണ്യം
തിരയടിച്ചതും,
വീഴ്ന്നെണീക്കുമ്പോള്‍    
ആരോരുമറിയാതെ
നീ ഭൂമിക്കൊരു അന്ത്യ ചുംബനം എകിയതും.....
കണ്ടു നിന്നവര്‍ രണ്ടു പേര്‍ മാത്രം....
 
നിന്നാല്‍ പവിത്രയാക്കപ്പെട്ട ഒരു വേശ്യയും
നിനക്കായി പതിതനാകാന്‍ സ്വയം  ഒരുങ്ങിയ
യൂദാസ് എന്ന ഒരു ജൂതനും....

1 comment:

  1. ഈ കാഴ്ച്ചകള്‍ കാണുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്‍
    ഏറിയ പ്രവാചകന്മാര്‍ ഇത് കാണാനാഗ്രഹിച്ചിട്ടും അവര്‍ക്ക് സാധിച്ചില്ലല്ലോ

    ReplyDelete