Thursday, March 28, 2013

പുകച്ചില്‍....

ഇരുട്ടില്‍ അകലെ
നിലവിളി പൊങ്ങും
കരാള നിശീഥങ്ങള്‍
ചൂഴുന്ന നേരം

മുഴുഭ്രാന്തിന്‍ വക്കില്‍
വഴുതാതെ നില്‍ക്കാന്‍
പിടിക്കുന്ന കച്ചി-
ത്തുരുമ്പും നശിക്കെ

കൊലക്കത്തികള്‍ രാകി
നില്‍ക്കും മനുഷ്യര്‍
പുനരെന്നെ വന്നു
പുണരാന്‍ ശ്രമിക്കെ

ഒളിച്ചു കളിക്കും
വിധിയുമീ ഞാനും
ഒരു വേള നേരെ
വരുന്നോരു നേരം

കിനാവില്‍ സുഗന്ധം
വിതറും കവിതാ-
പരാഗങ്ങള്‍ കാറ്റില്‍
അനാഥം അലയെ

വിഷുപ്പക്ഷി പാടി-
ത്തളരെ, വിഷാദം
നിഴല്‍ മൂടിയെന്നില്‍
മിഴിനീര്‍ പൊഴിക്കെ

അകമെ തിളക്കും
ചുടുചോരയെല്ലാം
ഞരമ്പിന്‍ മുറിവില്‍
ഒലിക്കുന്നു വീണ്ടും

പിറകില്‍ നശിച്ച
പുരാവൃത്തമെല്ലാം
അറയ്ക്കും മണത്തോടെ
തൂങ്ങുന്നു വീണ്ടും

മിഴിയില്‍ കരുണാ-
സമുദ്രങ്ങള്‍ വറ്റി-
ക്കടയുന്നു, കണ്‍കള്‍
അടയുന്നു വീണ്ടും

ഒഴിയുന്ന സ്നേഹ-
ചഷകങ്ങള്‍ ചുറ്റും
തനിയെ ഉടഞ്ഞു
ചിതറുന്നു വീണ്ടും

മദം പൊട്ടി നില്‍ക്കും
മുകിലിന്‍ മുരള്‍ച്ച
ഉറക്കത്തിലെന്നെ
ഉണര്‍ത്തുന്നു വീണ്ടും

ജയിക്കുവാന്‍ തോല്‍ക്കാന്‍
ജീവിക്കാന്‍ മരിക്കാന്‍
മനസ്സിന്റെ വാതില്‍
അടയ്ക്കുന്നു വീണ്ടും

2 comments:

  1. മനസ്സിന്റെ വാതില്‍
    അടയ്ക്കുന്നു വീണ്ടും

    തുറക്കുന്നു വീണ്ടും

    ReplyDelete