Friday, March 22, 2013

പരാജിതന്‍...

വിരഹം കുടിക്കുന്ന
പകലിന്നറിയാമോ
നിരുപമാനന്ദത്തിന്‍
കടലിന്‍ തിരകളെ

വഴിയില്‍ നില്‍ക്കും കണ്ണാ-
ന്തളികള്‍ക്കറിയുമോ
നിഴലും നിലാവും പോല്‍
ഉലയും കിനാവൊളി

വെറുതെ ചിലമ്പുന്ന
കാറ്റെന്‍റെ വിളക്കൂതാന്‍
പിറകില്‍ കൈയും കെട്ടി
നോക്കി നില്‍ക്കുന്നുണ്ടെന്നാല്‍

വിലപിക്കുമീയന്തി
നക്ഷത്രം നിണം ചിന്തി
പതിവായ്‌ എന്നെക്കാത്തു
കാത്തു നില്‍ക്കുന്നുണ്ടെന്നാല്‍

വഴിയില്‍ തെച്ചിപ്പൂക്കള്‍,
മഞ്ഞമന്ദാരങ്ങളെന്‍
വരവും പ്രതീക്ഷിച്ചു
കാത്തിരിപ്പുണ്ടെന്നാലും

പുഴയും തൊടിയുമെന്‍
വാര്‍ത്തകള്‍ ശ്രവിക്കുവാന്‍
ഉഴറും മനസ്സോടെ
അനങ്ങാതിരിക്കുന്നു

ക്ഷമിക്കൂ പക്ഷെ, നാളെ
ഞാന്‍ വരില്ല,റിയാതെ
നിറവായ്‌ നിന്‍ വര്‍ണ്ണങ്ങള്‍
എന്നില്‍ ഞാന്‍ വാരിത്തൂകാ

പുഴുവില്‍ നിന്നും ചിത്ര-
ശലഭം പോലെ വാനില്‍
വിടരും ചിറകേറി
നാളെ ഞാന്‍ പറന്നിടാ

ഒരു പൂവിനാല്‍ വര്‍ണ്ണ-
പ്രപഞ്ചം വിരിയിക്കും
വസന്ത സ്മൃതിയായി
നിന്നില്‍ ഞാന്‍ വാഴാനില്ല

മുറിവില്‍ നിന്നും ചോര
വാര്‍ന്നു ഞാന്‍ വീഴുമ്പോഴും
തിരികെപ്പോകാന്‍ ചെറ്റും
ഞാന്‍ ഒരുക്കമേയല്ല


ക്ഷമിക്കൂ, ഇന്നിന്‍ സ്വാര്‍ത്ഥ-
മെന്നെയും വിഴുങ്ങവേ
കവിതാ പരാഗമായ്
ഈ വഴി വരില്ല ഞാന്‍

2 comments:

  1. ഇവിടത്തെ കവിതകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്
    ഓരോന്ന് വായിയ്ക്കുമ്പോഴും അതാണേറ്റവും നല്ലതെന്ന് തോന്നും

    ReplyDelete
  2. അതെന്‍റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു... നന്ദി...

    ReplyDelete