Saturday, March 23, 2013

നാം...

നഷ്ടമായതിന്നപ്പുറത്തു നി-
ന്നിത്ര കാതം നടന്നതെന്തു നാം
ഇഷ്ടമെല്ലാം അകത്തൊളിപ്പിച്ചു
ഇത്രമാത്രം കരഞ്ഞതെന്തു നാം

കെട്ടിയുള്ള പഴംകയറുകള്‍
ഇപ്പൊള്‍ നോക്കൂ അഴിഞ്ഞതില്ലയോ
കൂട്ടി വെച്ച കിനാക്കളൊക്കെയും
ഇപ്പൊളീ ക്ഷണം പൂത്തതില്ലയോ

പിന്നെയും പഴമ്പാട്ടുകള്‍ പാടി
ഇത്ര തല്ലിത്തകര്‍ന്നതെന്തു നാം
കണ്ണിലൂറുന്ന കാവ്യമൊക്കെയും
ഇത്ര തള്ളിക്കളഞ്ഞതെന്തു നാം

ഉള്ളില്‍ ഏതോ പ്രണയ സുഗന്ധികള്‍
ഒന്നുണരാന്‍ കൊതിച്ചു നില്‍ക്കുമ്പൊഴും
പൂ വിടരുന്ന വാസനക്കായി നാം
ഇത്ര ദൂരം നടന്നതുമെന്തിനായ്

മൌനമായി മനസ്സുകള്‍ തമ്മിലായ്
തന്‍ സ്വകാര്യങ്ങള്‍ പങ്കു വെക്കുമ്പൊഴും
ആര്‍ത്തലക്കും പ്രളയശബ്ദത്തിന്റെ
ആത്തിരയില്‍ ഉലഞ്ഞതുമെന്തു നാം

പാതി പൂത്ത നിലാവിലീ രാവുകള്‍
നീലനീരാളം നമ്മില്‍ പുതക്കവേ
തീയല പോലെ നാം തീര്‍ത്ത ദുഖത്തിന്‍
വേദനയില്‍ എരിഞ്ഞതുമെന്തു നാം

അര്‍ത്ഥമില്ലാത്ത വാക്കാല്‍ പരസ്പരം
സാന്ത്വനം പകരാനായ് ശ്രമിച്ചു നാം
ഉള്ളിലെ പ്രണയത്തിന്‍റെ ഭാഷയില്‍
ഒന്ന് തൊട്ടു തലോടിയുമില്ല നാം

ആര്‍ദ്രമായ മിഴിവിളക്കിന്‍ ഒളി
ഇത്ര നാം മൂടി വെച്ചതുമെന്തിനായ്
അല്പമല്ലാത്ത സ്നേഹങ്ങളൊക്കെയും
ഇത്ര മാത്രം ഒളിപ്പിച്ചതെന്തു നാം


നഷ്ടമായതിന്നപ്പുറം തേടി
അല്പമൊന്നു നടന്നു നോക്ക നാം
കല്പനകള്‍ തന്‍ ഗന്ധം പുരണ്ട
സ്വപ്നമൊന്നില്‍ മയങ്ങിടട്ടെ നാം

1 comment: