Thursday, February 7, 2013

മഴ


10/24/12 നു എഴുതിയ കവിത
---------------------------------------
മഴ പുഞ്ചിരിച്ചും
അടക്കം പറഞ്ഞും
ജനല്‍പ്പാളി നീക്കി
പതുക്കെ കിനാവി-
ന്നകം പെയ്തു തോരാ-
തരികത്ത് നിന്നും
വിരല്‍ മീട്ടി ഉള്ളില്‍
പ്രണയം തിരഞ്ഞും
പുതു പൊന്‍പ്രഭാതം
കുളിച്ചീറനായി
വരും കാഴ്ച കാണാന്‍
ഉണര്‍ത്തി, സ്മൃതിയില്‍
കലമ്പുന്ന ബാല്യ-
സ്മരണക്കു പുത്തന്‍
നിറം പാകിയെന്നില്‍
നിറയുന്നു വീണ്ടും
 
മഴ നൂലുനൂലായ്
കരഞ്ഞെന്റെ വാതില്‍-
പ്പടിക്കല്‍ ഇരുന്നും
ഉറക്കെ വിളിച്ചും
മിഴികള്‍ കലങ്ങി-
ത്തളര്‍ന്നും വിഷാദം
നിഴല്‍ മൂടുമെന്നില്‍
പതുക്കെ കിനിഞ്ഞും
അടുത്തോരു ചങ്ങാതി
പോലെന്റെ അച്ഛന്‍
മരിച്ചോരു രാവില്‍
എന്‍ കൂടെ നടന്നും
ചിത കത്തിടുമ്പോള്‍
മുറിപ്പാടില്‍ മെല്ലെ-
ത്തലോടിത്തലോടി-
പ്പതുക്കെ മിഴിനീര്‍
കഴുകിക്കളഞ്ഞും
പിടയ്ക്കും മനസ്സില്‍
തണുപ്പേകി ചേര്‍ത്തു
പിടിയ്ക്കുന്നു വീണ്ടും
 
മഴ വന്നിടുന്നൂ
പ്രണയത്തിനൊപ്പം
നടക്കാന്‍, ചിരിക്കാന്‍
കഥകള്‍ പറയാന്‍
ചെളിക്കെട്ടു താണ്ടി
പ്രണയങ്ങള്‍ പൂക്കും
കിനാവിന്റെ സൌവര്‍ണ്ണ
താഴ്വാരമെത്താന്‍
അതില്‍ പുഞ്ചിരിക്കും
മുഖത്തോടെ എന്റെ
പ്രിയക്കായി പാടാന്‍
കതിര്‍ മണ്ഡപത്തില്‍
അവളെയിരുത്താന്‍
കുരവയിടാന്‍
പായസങ്ങള്‍ വിളമ്പാന്‍
മഴ വന്നിടുന്നെന്റെ
ജീവന്റെ ജീവന്‍
പുതുനാമ്പു നീട്ടുന്ന
കാലങ്ങള്‍ കാണാന്‍

6 comments:

  1. മഴ കാതുകളിൽ അലയ്ക്കുന്നുണ്ട്‌..
    പ്രണയവും ഇണയുമായ്‌ അവൾ കൂട്ടിരിക്കുമ്പോഴും മുറിപ്പാടുകളിലെ തലോടലുകളിലൂടെ അവളുടെ സാമിപ്യം എന്തെന്നറിയിക്കുന്നൂ..
    ഇഷ്ടായി..!

    ReplyDelete
  2. മഴ എന്നും മനസ്സിനു കുളിര്‍മയേകുന്ന ഒരനുഭൂതിയാണ്...

    ReplyDelete
  3. മഴയുടെ ഗീതം

    ReplyDelete
  4. മഴയുടെ മറ്റൊരു പാട്ടുകാരന്‍..

    ReplyDelete
  5. Mazha paadikkum :).
    Mazhayormmakalum

    ReplyDelete