Tuesday, February 5, 2013

അവള്‍ വരുന്നു


01/12/2011 നു എഴുതിയ കവിത

അവള്‍ വരുന്നു
---------------------------
നാവടക്കുക ദുഃഖ
സാഗരങ്ങളേ നിങ്ങള്‍
ദൂരെ നില്‍ക്കുക വന്യ
മോഹന മേഘങ്ങളേ

മാറി നില്‍ക്കുക നീല-
പ്പൊന്മാനേ ഭ്രമിപ്പിക്കാ-
തോടി മാറുക ചെന്താര്‍-
മിഴിയാള്‍മാരേ ദൂരെ

കീഴടങ്ങുക മദം
പൊട്ടുന്ന സിംഹാസന
പീഠമേ, ഒതുങ്ങിപ്പോ
ആതപ രേണുക്കളേ

ശ്വാസവുമടക്കി നീ-
യിരിക്കൂ കാലത്തിന്‍റെ
കോലായില്‍, കിതയ്ക്കുന്ന
സഞ്ചാരി നക്ഷത്രമേ

കുമ്പിട്ടു നമിക്കുക
ചുരമേറിയ കാറ്റേ
വമ്പിന്‍റെ വലുപ്പങ്ങള്‍
മറക്കൂ മലകളേ

തലതാഴ്ത്തീടൂ നീല-
വ്യോമമേഘലകളേ
വഴിയിങ്ങൊരുക്കീടൂ
താരകക്കുഞ്ഞുങ്ങളേ

ചിറകില്‍ ഒതുങ്ങിപ്പോ
ചിലമ്പും കിളികളേ
വാതിലിങ്ങടച്ചേക്കൂ
വേതാള രൂപങ്ങളേ

വരവായ് ജനിമൃതി-
ക്കപ്പുറം നവലോക
പ്രഭയിങ്ങുണര്‍ത്തുന്ന
പുലരിപ്പൊട്ടും തൊട്ടു,

വരവായ് തുമ്പപ്പൂവിന്‍
കുടയും ചൂടിക്കൊണ്ടേ,
പഞ്ചമിത്തിങ്കള്‍ക്കല
മൌലിയില്‍ ചൂടിക്കൊണ്ടേ,

ദേവഗാന്ധാരത്തിന്റെ
പല്ലവി മൂളിക്കൊണ്ടേ
ശ്രാവണ നിലാവിന്‍റെ
പൂമ്പാല്‍ നുകര്‍ന്നും കൊണ്ടേ

വരവായ് പുതുമണ്ണിന്‍
മണവും പേറിക്കൊണ്ടേ
മനസ്സില്‍ കിനാവിന്‍റെ
വര്‍ണ്ണങ്ങള്‍ നീര്‍ത്തിക്കൊണ്ടേ

വരവായ് വിമോചന
ഘോഷണം പാടിക്കൊണ്ടേ,
നിറമീ മുപ്പാരിലും
എങ്ങും വിതറിക്കൊണ്ടേ,

മനസ്സിന്‍ ഭാരം താങ്ങാന്‍
കഴിയാത്തൊരു പേന-
ക്കകമേ നിന്നും ഊറി
വരുന്നൂ വരുന്നവള്‍

വിരിയും ഭാവത്തിന്‍റെ
നിറം കുറുക്കിക്കാച്ചി
ചിരി തന്‍ പൊന്‍ നാളമായ്
വരുന്നൂ വരുന്നവള്‍

വേദന കുടിച്ചു വ-
റ്റിച്ചീടും പരിശുദ്ധ
സ്നേഹത്തിന്‍ കുളിര്‍മ്മയായ്
ഈ വഴി വരുന്നവള്‍

വരുന്നൂ കവിതയാം
ആ നിത്യവിമുഗ്ദ്ധത
വരുന്നൂ ഉയിരാര്‍ന്നേ-
യീ വഴി വീണ്ടും വീണ്ടും

2 comments: