Saturday, February 9, 2013

പ്രണയമണിത്തൂവല്‍


7/25/12 നു എഴുതിയ കവിത
----------------------------------------
ആറീടാതെന്റെയുള്ളില്‍ കനലുകള്‍ വിതറും നോവിന്‍ ശ്രീരാഗമാണോ?
പാരില്‍ നവ്യപ്രകാശം വിതറിടും പുലരിപ്പെണ്ണിന്‍  സിന്ദൂരമാണോ?
വേറല്ലാതൊക്കെയും തന്‍ കരളിതില്‍ കരുതും സ്നേഹസൌന്ദര്യമാണോ?
ആരാഞ്ഞാല്‍ കിട്ടിടാതുള്ളൊരു   പ്രണയമിതീ, വാഴ്വിന്‍ സൌഭാഗ്യമാണോ?

നീളേ നീളേ മഴക്കാറുകള്‍ നിറയുമൊരാകാശസീമക്കു ചോട്ടില്‍
നീയേ നീയേ മനസ്സില്‍ നിറവതു, പലനാളായി ഞാനെന്തു ചെയ്യാന്‍?
നീലക്കണ്‍കോണിനാല്‍ നീ കരളിതില്‍ വരയും ചിത്രമെല്ലാം, കിനാവില്‍
നീര്‍ത്തുന്നൂ നൂറു വര്‍ണ്ണം, നിരവധികസുഖപ്രേമസാരം പ്രിയേ നീ...

കാവ്യത്തിന്നായി യത്നം പലവുരു പലതും ചെയ്തു ഞാന്‍ എത്ര കാലം
നവ്യം പദ്യം രചിക്കാന്‍, പുതിയ വിഷയമെന്‍  ചിന്തയില്‍ വീണു കിട്ടാന്‍
ഇവ്വ്യാജക്കാവ്യനാട്യം ഇനി മതി മതിയെന്നോര്‍ത്തിടേ നീ പകര്‍ന്നു
ഭവ്യം പ്രേമാമൃതത്തിന്‍ പൊരുളുകള്‍ കവിതാബീജമായ് എന്‍റെയുള്ളില്‍

ഏതൊന്നാല്‍   മാറിടുന്നൂ മുറിവുകള്‍ മധുരക്കീറു പോല്‍, ഏതവന്നും 
പാടുന്നൂ നവ്യഗാനം, ചിരി തന്‍ പുലരികള്‍ കണ്‍കളില്‍ പൂത്തിടുന്നൂ
ഏതൊന്നീയൂഴിയാകെ കുളിരും പുതുനിലാവെന്നപോല്‍ ചേര്‍ത്തണച്ചി-
ട്ടീത്തോക്കില്‍ പോലും പൂവിന്നിതളുകള്‍ വിതറീടുന്നതേ  പ്രേമമോര്‍ക്ക!!

ലോകത്തിന്നാദ്യകാലത്തവനിയില്‍ നിലനിന്നുള്ളതാം സത്യമെന്തെ-
ന്നിക്കാണും താത്വികന്മാര്‍ പറവതു പലതും പുഞ്ചിരിക്കാന്‍ വകക്കായ്
നോക്കീടില്‍ ലോകമെന്താല്‍ പിറവിയും, സ്ഥിതിയും ചെയ് വതോ ആ മഹസ്സിന്‍
ആകേയുള്ളന്ത സത്തക്കൊരു പദമിതു താന്‍ നിര്‍മ്മലപ്രേമസാരം

കാട്ടില്‍ വൃക്ഷങ്ങളെപ്പോള്‍, അതിലൊരു തരുവില്‍ പൂത്തിടും പൂക്കളെപ്പോല്‍,
പൂവില്‍ തേന്‍ പോലെ, അത്തേന്‍ നുകരും ശലഭമായ്, ആയതിന്‍ വര്‍ണ്ണമായി,
വര്‍ണ്ണം പാറും മനസ്സായ്, മനമിതില്‍ ഉണരും കാവ്യസൌരഭ്യമായി
എന്നും മണ്ണില്‍ വിളങ്ങ! പ്രണയമിതു ജഗജ്ജീവനായ് ജ്യോതിയായി!!

2 comments:

  1. തകർപ്പൻ
    പാടി പാടി, ചൊല്ലി ചൊല്ലി കവിത വായിക്കാം

    ReplyDelete
  2. പ്രണയം പറഞ്ഞ്.........

    ReplyDelete