കാരുണ്യമറ്റ കപടാകൃതി പൂണ്ട ലോക-
മാകേ വലഞ്ഞു വഴിതെറ്റിയുഴന്ന നേരം
ആരേ പഥം തെളിയുമാറു ചുരന്നു തന്‍റെ-
യാ ദിവ്യശോഭയവനായ് ഹൃദയപ്രണാമം
വേദാന്ത കേസരികള്‍ വാണു മദിച്ച കാട്ടില്‍,
കൂവും കുറുക്കരിവര്‍ മാത്രമിതെങ്ങിനായി?
ഭീരുക്കളായി, മഹിമക്ക് കളങ്കമായി,
വാഴുന്ന നാളില്‍ വരവായി നരാവതാരം
ദൈവം നിജത്തില്‍ ഇവിടുണ്ടോ? അതുള്ളതെങ്കില്‍
കാണാന്‍ കഴിഞ്ഞ പരമാര്‍ഥികള്‍ എങ്ങുമുണ്ടോ?
സത്യത്തിനായി കൊതിയോടെ വലഞ്ഞ നാളില്‍
സത്യം സ്വയം പ്രകടമായിഹ ദക്ഷിണേശേ
സാരള്യമാര്‍ന്ന ഋജു ഭാവവും, പ്രേമവര്‍ഷ-
മാകെ പൊഴിച്ച വചനങ്ങളും ആസ്വദിക്കേ
'ഞാനുണ്ട് കണ്ടവന്‍ അതെന്ന' ഉറച്ച വാക്കില്‍
പാടേ തകര്‍ന്നു തവ സംശയജാലമാകെ
ശ്രീരാമകൃഷ്ണ പദമൂലമതില്‍ വസിച്ചും,
ഈ മാതൃഭൂവിലുടനീളം നീ സഞ്ചരിച്ചും
കന്യാകുമാരിയിലെ സന്ധ്യയില്‍ ഭാരതത്തിന്‍
സംഗീതമേന്തും ശ്രുതി തന്നിലലിഞ്ഞു ചേര്‍ന്നും
നീറുന്നൊരീ ജനതതിക്കു വിമുക്തിയേകാന്‍
നാറുന്ന ജാതിമത ഭ്രാന്തിന്‍ വിഷം ഇറക്കാന്‍
ഹേ നീലകണ്‌ഠ, കരുണാകര നീയണഞ്ഞു
വേദങ്ങള്‍ പാടുമഭയധ്വനി വീണ്ടെടുക്കാന്‍
പാശ്ച്യാത്യ സംസ്കൃതിയില്‍ ഭാരതവര്‍ഷമേന്തും
ആദ്ധ്യാത്മിക പ്രഭ പരത്തിടുവാനുറച്ചു
നീ കപ്പലേറി, ഭഗവധ്വജമേന്തി പിന്നെ
നീ വന്നണഞ്ഞു,ജയമാര്‍ന്നു തിരിച്ചു നാട്ടില്‍
ദാരിദ്ര്യവും കെടുതിയും വരിയുന്ന മണ്ണി-
നേകീ ഭവാന്‍ പുതിയ താരകമൊന്നു, 'പൂര്‍ണ്ണ
സ്വാതന്ത്ര്യം' ആ വഴിയില്‍ ചോര ചൊരിഞ്ഞു നേടീ
നാം പണ്ടതെങ്കില്‍ ഇനിയും അതപൂര്‍ണ്ണമല്ലോ
നിന്നാശയം യുവമനസ്സുകളില്‍ വളര്‍ത്താന്‍
നിന്‍ വാഗ്വിലാസമധുരം പുനരാസ്വദിക്കാന്‍
ഇന്നുള്ള ദുഷ്ടതകള്‍ നീക്കി വിളക്കെരിക്കാന്‍
ഒന്നേകണേ വരമതിന്നു പദപ്രണാമം
ശ്രീ ഭാസമാന പുരുഷാത്മക, സര്‍വബന്ധോ
ശ്രീരാമകൃഷ്ണപദപാര്‍ഷദ ജ്ഞാനസിന്ധോ
ശ്രീ ദേശികേന്ദ്ര, ഭുവനത്രയ താപഹാരിന്‍
ശ്രീമദ്വിവേകചരണം ശരണം പ്രപദ്യേ
അര്‍ത്ഥവ്യാപ്തിയും താളനിബദ്ധതയുമുള്ള ഇത്തരം കവിതകള്‍ വളരെ വിരളമാണിപ്പോള്‍
ReplyDeleteഅഭിനന്ദനങ്ങള്‍
Valare Nandi... Kurachu pishakukal okke und...
ReplyDeleteTheliyaan ulla ezhuthaanu..