11/27/09 നു എഴുതിയ കവിത...
----------------------------------
എത്ര ജീവിതാസക്തികള്‍ പിന്നെയും
----------------------------------
എത്ര ജീവിതാസക്തികള്‍ പിന്നെയും
മാര്‍ത്തടത്തില്‍ നഖങ്ങളാഴ്ത്തീടവേ
എത്ര ഭ്രാന്തമാം മോഹങ്ങള്‍ പിന്നെയും
കൂര്‍ത്ത മുള്ള് പോല്‍ എന്നെ നോവിക്കവേ
ശൂന്യമാമെന്റെ ജീവിതം പിന്നെയും
വന്യമായ വികാരങ്ങള്‍ തേടവേ
അര്‍ത്ഥമില്ലാത്ത വാക്കുകളെന്‍ നാവില്‍
വ്യര്‍ത്ഥമാമൊരു കാവ്യം രചിക്കവേ
മൌനമൂറുന്ന വാക്കുകള്‍ക്കപ്പുറം
കാവ്യ-നാദ സരസ്സുകള്ക്കപ്പുറം
കണ്ണുനീര് വീണു പൊള്ളിയൊരെന്റെ കൈ-
ത്തണ്ട നിങ്ങളില്‍ ആരു ശ്രദ്ധിച്ചുവോ
അറ്റു വീണൊരു ഗൌളി തന് വാലുപോല്‍
എത്ര നേരമോ എന്റെയീ സ്പന്ദനം
വറ്റി മാഞ്ഞു പോം മഞ്ഞിന്റെ തുള്ളി പോല്‍
എത്ര നേരമീ ശീതസംസ്പര്ശനം
വര്‍ണ്ണമേഴും വിരിച്ചു നില്ക്കും മഴ-
വില്ലു പോലെ മറഞ്ഞിരുന്നെങ്കില്‍ ഞാന്‍
മിന്നലായി ഈ ഭൂമിയെ ഉമ്മ വെ-
ച്ചൊന്നൊളി വീശി മാഞ്ഞു പോയെങ്കില്‍ ഞാന്‍
അര്‍ത്ഥമില്ലാത്ത വാക്കുകളെന്‍ നാവില്‍
ReplyDeleteവ്യര്‍ത്ഥമാമൊരു കാവ്യം രചിക്കവേ
നല്ല വരികൾ
thanks...
ReplyDelete