Sunday, February 24, 2013

കണ്ണനെ കാണാന്‍

പീലിക്കണ്‍ ചേരും തിരുമുടി
മാരിക്കാര്‍ നിറമാം മേനി

കാരുണ്യം നിറയും മിഴികള്‍
മേഘങ്ങള്‍ പോലേയളകം

മഴവില്ലിന്‍ പുരികക്കൊടികള്‍
ആഴലാറും കവിളിണ രണ്ടും

ഓടക്കുഴല്‍ ചേരുന്നധരം
ചെന്തൊണ്ടിപ്പഴമെന്നോണം

മഞ്ഞത്തുകില്‍ പുണരും ഉടലില്‍
മണ്ണിന്‍റെ തരി പോലുലകം

മാറില്‍ വനമാലയിലുലയും
യോഗീശ്വരവൃന്ദം വണ്ടായ്

അഭയം തരുമാ കൈകളിലോ
കാലിക്കോല്‍, ഓടക്കുഴലും

മധുചന്ദ്രിക പോലേ സുമുഖം
മന്ദസ്മിതയുക്തം ലളിതം

മാറത്തൊരു മറുകായ് മിന്നും
ശ്രീവത്സം, കൗസ്തുഭമാല്യം

കാളിന്ദീ നദിപോലാഴം
കണ്ണുകളില്‍ കരുണാഭരിതം

ഒളിയെങ്ങും വീശി മറഞ്ഞൂ
യാദവ നീ പണ്ടെങ്ങാനും

ഇനിയും ഇളവേറ്റീടുന്നു
തവ സാന്ദ്രച്ഛായയിലുലകം

കണ്ണൊന്നു അടച്ചു തുറക്കും
മുന്‍പെന്‍റെ മുന്നില്‍ വരുവാന്‍

വാത്സല്യത്തികവില്‍ മിഴിയില്‍
കള്ളച്ചിരി വിരിയിക്കാനായ്

മഥുരക്കിനി പോയീടേണ്ട
വൃന്ദാവന യാത്രകള്‍ വേണ്ട

ഗുരുവായൂര്‍ അമ്പലനടയില്‍
കുന്നിക്കുരു വാരീടേണ്ട

കണ്ണീരില്‍ മുങ്ങിയൊരുള്‍വിളി
നെഞ്ചിന്നകമേയൊരു വിങ്ങല്‍

നാണത്തിന്‍ ലാഞ്ഛനയില്ലാ
നാമം വിളിയൊന്നേ വേണ്ടൂ

അവിടേയാ നിമിഷം തെളിയും
കാരുണ്യാമൃത പീയൂഷം

അത് ചെയ്യാമെങ്കില്‍ സുകൃതം
ഭഗവാന്‍റെ കരുണാ ശിശിരം 

2 comments:

  1. നല്ല വരികള്‍ - കണ്ണനെ കാണാന്‍ നാമജപമൊന്നേ വേണ്ടുവെങ്കില്‍ എത്ര പുണ്യം, അല്ലെ?

    കണ്ണനെക്കുറിച്ച് എത്ര പാടിയാലും മതിവരില്ല; പണ്ടൊരിക്കല്‍ ഞാനും അതിന് ശ്രമിച്ചിട്ടുണ്ട്... http://nishdil.blogspot.in/2011/01/unnikannan.html

    ReplyDelete
  2. Nandi......
    Vaayichu. Bhangiyaayittund

    ReplyDelete