Sunday, February 17, 2013

നിധി........

8/2/2010 നു എഴുതിയ കഥ
------------------------------------

നിധി കുഴിച്ചിട്ട നിലവറക്കുണ്ടിലേക്ക് അയാള്‍ ഇറങ്ങി. ഇനി ഇവിടെനിന്ന് അത് എടുത്തേ പുറത്തെക്കുള്ളൂ. നളിനിയും കുട്ടികളും നാലമ്പലം തൊഴാന്‍ പോയിരിക്കുകയാണ്.
"ഇദെന്നെ സമയം. പണി തൊടങ്ങണം." അയാള്‍ ഓര്‍ത്ത്‌. പണിക്കാവശ്യമുള്ള തൂമ്പയും മറ്റുമെടുത്തു നിലവറക്കുണ്ടിലേക്ക് ഇറങ്ങുമ്പോള്‍  മരിച്ചുപോയ  അച്ചുതമ്മാമനെ അയാള്‍ ഓര്‍ത്തു. അമ്മാമന് എന്നാലും തന്നോട് മാത്രമല്ലേ ഇത് പറയാന്‍ തോന്നിയുള്ളൂ.

ഒരാഴ്ച മുന്‍പ് രാത്രി ഉറക്കത്തിനിടയിലാണ് അച്ചുതമ്മാമന്‍ വന്നത്. തട്ടി വിളിച്ചു "രാഘവാ....". 
കണ്ണ് മിഴിച്ചു നോക്കിയപ്പോള്‍ നാവു പൊന്തിയില്ല. മരിച്ചുപോയ അച്ചുതമ്മാമന്‍.
"നിയ്യ് ന്‍റെ കൂടെ വായോ" അമ്മാമന്‍ കൈ പിടിച്ചപ്പോള്‍ വല്ലാത്തൊരു തണുപ്പ്. നേരെ ചെന്നത് നിലവറക്കുണ്ടിലേക്ക് തന്നെ.
ഉപ്പുമാങ്ങ ഇട്ടുവെച്ചിരിക്കുന്ന വലിയ ചീനഭരണി അമ്മാമന്‍ ഒറ്റയ്ക്ക് എടുത്തു മാറ്റിവെച്ചു.
"നിയ്യ് ആ വായ അടയ്ക്ക്" അമ്മാമന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " മരിച്ചാ പിന്നെ ദൊക്കെ നിസ്സാരാ രാഘവാ..."
നിലത്തു ഭരണിയുടെ പാട് ചൂണ്ടിക്കാട്ടി അമ്മാമന്‍ പറഞ്ഞു " ദാ... ഇബടെ കുഴിക്കണം.നമ്മടെ കാര്‍ന്നോമ്മാരില്‍ ഒരാള് ഇബടെ ഒരു നിധി കുഴിച്ചിട്ടണ്ട് ന്നാ അറിവ്. ന്റെ കാലത്ത് സാധിച്ചില്ല്യാ.. ഇനി നീ വേണം അതിന് ഉത്സാഹിക്കാന്‍."
================================================================
"അമ്മേ, ദാ ആസ്പത്രീന്ന് ഫോണ്‍. അച്ഛന്‍ അവിടത്തെ നെലോം കുഴിക്കാന്‍ നോക്കിത്രേ. സമ്മതിക്കാഞ്ഞപ്പോ............
വേഗങ്ക്ട് ചെല്ലാന്‍ പറഞ്ഞു."
"ന്‍റെ ഭഗോതീ, കാത്തോളണേ..........." നളിനി തേങ്ങി.
തെക്കേ തൊടിയില്‍ അച്ചുതമ്മാമന്‍ നട്ട മാവിന്‍റെ കൊമ്പ് ശക്തമായ കാറ്റില്‍ ആടിയുലഞ്ഞു.

3 comments:

  1. മരിച്ചാ പിന്നെ ഇതൊക്കെ എത്ര നിസ്സാരം

    ReplyDelete
  2. നിധി കിട്ടാന്‍ ഒരു പാട് കഷ്ടപ്പെടണം ,മരിച്ചു കഴിഞ്ഞാല്‍ പിന്നെ അതൊക്കെ സാധിച്ചേക്കും അല്ലെ ?

    ReplyDelete