എപ്പോഴെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ,
ഒരു കുഞ്ഞു പോലും നോക്കാതിരിക്കുന്ന
രാത്രിയുടെ അന്ത്യയാമത്തില്‍
അമ്പിളി അമ്മാവന്
മേഘക്കീറുകള്‍ക്ക് പിറകില്‍
ഒളിച്ചിരുന്നെന്താണ് ചെയ്യുന്നതെന്ന്?
തന്റെ നഷ്ടപ്പെടാന്‍ ഒരുങ്ങുന്ന
യൗവനം ഓര്‍ത്ത് കരയുകയാവുമെന്ന്?
എപ്പോഴെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ,
മറുകൂക്കില്ലാതെ പാടുന്ന
കുയില്‍, മാവിനോടു പറയുന്നതെന്താണെന്ന്?
വേര്‍പെട്ടു പോയ ഇണയുടെ
വിശേഷങ്ങള്‍ തിരക്കുകയാകുമെന്നു?
എപ്പോഴെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ,
പാടവക്കില്‍ വെയില്‍കായുന്ന
വെളുത്ത കൊറ്റി,
കണ്ണടച്ചു കിനാക്കാണുന്നതെന്താകുമെന്ന്?
ഇന്നലെയുയര്‍ന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ
അടിയില്‍ പിടഞ്ഞു ചത്ത
മീനുകള്‍ക്ക് വേണ്ടി
കണ്ണീര് പൊഴിക്കുകയായിരിക്കുമെന്നു?
എപ്പോഴെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ,
വാണിയംകുളം ചന്തയില്‍
ഉണക്കപ്പുല്ല് തിന്നു നില്ക്കുന്ന
കാളകള്‍ക്ക്
സ്മരണയുടെ ആദിമധ്യാന്തം
നിറഞ്ഞു നില്ക്കുന്നതെന്താകുമെന്നു?
ഒരു പിടി
പച്ചപ്പുല്ലിന്റെ സ്വാദ്
അവ അയവെട്ടുകയായിരിക്കുമെന്നു?
എപ്പോഴെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ,
കുപ്പത്തൊട്ടികളില്‍,
ചിതറിവീണ കുപ്പിച്ചില്ലുകള്‍ക്കിടയില്‍,
ഒരു നേരത്തെ ഭക്ഷണം ചികയുന്ന ബാലന്റെ
മനസ്സിലെ നിറങ്ങള്‍ എന്തായിരിക്കുമെന്ന്?
വഴിയരികില്‍ നിന്നെത്തി നോക്കുമ്പോള്‍
കാണുന്ന, കണ്ചിമ്മുന്ന പാവക്കുട്ടിയുടെ
പാവാടയുടെ നിറമായിരിക്കും അതെന്നു?
ആശംസകൾ
ReplyDeleteആലോചിക്കണം
ReplyDelete