Monday, February 11, 2013

കാവ്യം വിടര്‍ന്നൂ....

സന്ധ്യ കുളിച്ചു വരുന്ന വഴിക്കെന്‍
ചുണ്ടില്‍ നല്‍കിയ മാധുര്യം
ഉള്ളില്‍ പെയ്തൊരു  മഴയില്‍ കിനാവില്‍
പീലി നിവര്‍ത്തിയ മഴവില്ലായ്

ചെന്താമരയിതളായി, നിലാവിന്‍
ചെമ്പനിനീര്‍പ്പൂ മണമായി
നിശ്വാസങ്ങളുതിര്‍ക്കും കാറ്റിന്‍
നെഞ്ചിലെ ഗോരോചനമായി

വെയിലു തളര്‍ന്നു മടങ്ങും സന്ധ്യയി-
ലുയരും നാമധ്വനിയായി
കനലു തിളങ്ങും കണ്‍കളില്‍ സ്നേഹ-
പ്പുലര്‍കാലത്തിന്‍ തണുവായി

വേദനയറിയാ വേദാന്തപ്പൊരു-
ളൂറിന ചിന്താസരണികളായ്
മാടി വിളിക്കും പോന്നമ്പലമല-
മേടുകളേകും സാന്ത്വനമായ്

ജീവനിലുണ്ടൊരു ചെങ്കദളിക്കുല
പോലെയൊരാതിര മലര്‍ പോലെ
സാന്ദ്രം നിറയും കടല്‍ പോല്‍, പ്രാണനി-
ലാനന്ദത്തിന്നല പോലെ,

ഏതോ ദിവ്യാരാമത്തിന്‍ പ്രഭ
തൂകിടുമോമന മുഖമോടെ
ഏതോ സ്വപ്നം പോലെ, വിടര്‍ന്നൂ
കാവ്യം, നിന്‍ മൃദു ചിരി പോലെ.

1 comment: