Monday, January 21, 2013

പ്രായമേറുന്നുവോ?


പ്രായം കൂടുന്നതിന്റെ ആധികള്‍ മനസ്സില്‍ കൂട് കൂട്ടിയ ഒരു അമ്മയുടെ നൊമ്പരം
--------------------------------------------------------------------------------------------------------------------------
പ്രായമേറുന്നുവോ? മുഖത്താധികള്‍
കൂടു കൂട്ടാന്‍ തുടങ്ങിയോ, പിന്നിട്ടൊ-
രാ വഴിത്താരയില്‍ പൂത്തു നില്‍ക്കുന്നൊ-
രാര്‍ദ്രമാം ചെമ്പക മണം മാഞ്ഞുവോ??

പ്രായമേറുന്നുവോ? പറയുന്നതില്‍
പാതിയും പകല്‍ക്കാറ്റു വിഴുങ്ങിയോ?
നാളെ ചെയ്യേണ്ടതൊക്കെയും ഓര്‍മ്മയില്‍
മൂളി മൂളി നടക്കാന്‍ തുടങ്ങിയോ??

പണ്ടു നട്ടൊരു പിച്ചകവള്ളിക്ക്
തുള്ളി വെള്ളം കൊടുക്കാതിരുന്നുവോ?
മന്ദഹാസം കൊഴിഞ്ഞു, ഏകാന്തത
ഉള്ളില്‍ മാറാല കെട്ടിത്തുടങ്ങിയോ?

പോയ വര്‍ഷങ്ങള്‍ എന്റെ മുഖത്തെന്തു,
നീളെ കുത്തി വരഞ്ഞോ കുസൃതിയായ്
ഞാനറിയാതെ കണ്ണുകള്‍ കുണ്ടിലേ-
ക്കോടി വീഴാന്‍ തുടങ്ങിയോ മെല്ലവേ

കണ്ണിന്‍ ശോഭകള്‍ ആകവേ കെട്ടതിന്‍
കീഴിലായി കറുപ്പു പടര്‍ന്നുവോ
പേരുകള്‍ ഓര്‍മ്മയില്‍ വന്നുദിക്കാതെ
നീറിനീറിപ്പുകയാന്‍ തുടങ്ങിയോ??

ഇന്നലെ വരെ ചെയ്തവക്കൊക്കെയും
ഇന്നൊരോര്‍മ്മ പുതുക്കല്‍ ആവശ്യമോ
പിന്നിട്ടുള്ള സ്മരണയില്‍ പൂപ്പലോ
ഇന്നിതെന്തെന്റെ ഓര്‍മ്മയില്‍ കോടയോ?

പ്രായമേറുന്നുവോ? ഞാന്‍ ഭയക്കുന്നു,
നഷ്ടസൌന്ദര്യമോര്‍ത്തല്ല, നാളെയെന്‍
കുഞ്ഞുങ്ങള്‍ക്കൊരു ഭാരമായ്ത്തീരുമോ
എന്ന ചിന്തയാല്‍ വെന്തുരുകുന്നു ഞാന്‍.......

1 comment:

  1. നന്നായിരിക്കുന്നു, ദിലീപ്‌...ഇത് എന്‍റെയും ആശങ്ക...

    ReplyDelete