Sunday, January 20, 2013

പിന്മടക്കം


ഇത്തിരി മോഹങ്ങള്‍ അതൊക്കെയും തകര്‍ന്നെന്റെ
ഇക്കിടക്കപ്പായില്‍ മരണം കാത്തീടുമ്പോള്‍
വാതിലു പൊളിച്ചു വന്നെന്നുടെ മനസ്സിലേ-
ക്കീക്കൊടുംകാറ്റിന്‍ തിരക്കൈകളാഞ്ഞടിക്കുമ്പോള്‍

നിശ്വാസമുതിര്‍ക്കുമീ വന്യഭൂമിക ഞാനാം
ഇശ്ശവത്തിനെ ചുറ്റും വരിഞ്ഞു മുറുക്കുമ്പോള്‍
വേര്‍പ്പിന്‍ തുള്ളികള്‍ വീണു പൊള്ളിയ കൈയാലെന്നെ
പേര്‍ത്തും പേര്‍ത്തുമീ ജീവന്‍ പൊതിഞ്ഞു പിടിക്കുമ്പോള്‍

നാളെയെന്നൊന്നില്ല ഞാന്‍ പോകണം ഇന്നേയെന്നു
പാളിയ വിളക്കിന്‍റെ തിരിപോല്‍ മോഹിച്ചു ഞാന്‍
ആളിയ നിരാശ തന്‍ കാട്ടുതീ ദഹിപ്പിച്ച
നേരിയ പ്രണയത്തിന്‍ നൂലുകള്‍ തിരഞ്ഞു ഞാന്‍

നീലരാവുകളില്ലാ പാര്‍വ്വണം പുതപ്പിക്കാന്‍
നീള്‍മിഴികളാലാരും ഇല്ല സാന്ത്വനം തൂകാന്‍
വാതിലു തുറക്കുവാന്‍ മാലേയ മരുത്തില്ലാ
കാതില്‍ സ്വകാര്യം ചൊല്ലാന്‍ അമ്പലക്കിളിയില്ലാ

ആഷാഠക്കുളിരില്ലാ, ആല്‍മരങ്ങളുമില്ലാ
ആനന്ദഭൈരവീ രാഗാലാപനമില്ലാ
ആകെയുള്ളത് വറ്റി വരളും സ്നേഹത്തിന്‍റെ
ആര്‍ദ്രമാം നിലവിളിയൊച്ച!! ഞാന്‍ സഹിപ്പീലാ

രാവുകള്‍ പുലരിയായ് പൊന്നുടുപ്പിടും മുന്‍പേ
വാവലു തലകീഴായ് ആടാന്‍ തുടങ്ങും മുന്‍പേ
ആരോടും യാത്രക്കായി നില്‍ക്കുവാന്‍ തുനിയാതെ
ഞാനിറങ്ങട്ടെ, വിട ചൊല്ലട്ടെ, സ്വസ്തി, സ്വസ്തി!!

4 comments: