Tuesday, January 8, 2013

രാമകൃഷ്ണമഹിമാപഞ്ചകം

ശ്യാമാപൂജനം, രാമനാമലഹരീ നിര്‍മ്മജ്ജനം, കീര്‍ത്തന
ധ്യാനത്താല്‍ മഥുരാധിനാഥ ഭജനം, തന്ത്രാര്‍ത്ഥ സംശോധനം
വാണീദേവി വിളങ്ങിടുന്ന സുമുഖം മന്ദസ്മിതാഭോജ്ജ്വലം
ശ്രീചന്ദ്രാമണിദേവിപുത്രചരിതം ആനന്ദസാന്ദ്രം ശുഭം

വായില്‍ നിന്നുതിരുന്ന തേന്‍മൊഴികളാല്‍ മാധുര്യവത്താകിയും
കാരുണ്യം കളവറ്റുറന്നൊഴുകിടും സ്നേഹത്തില്‍ നീരാടിയും
നിഷ്പന്ദം നതഹസ്തരായി നിലകൊണ്ടീടുന്നു വേദങ്ങളീ
സത്യം മര്‍ത്ത്യജഗത്തില്‍ വന്നു വിളയാടീടുന്ന നേരങ്ങളില്‍

നീയല്ലാതൊരു ദൈവമില്ല ഭഗവന്‍, ശ്രീ രാമകൃഷ്ണ! സ്വയം 
നീയേ ശക്തി, മുരന്റെ ഹുങ്കുപശമിപ്പിക്കുന്ന ഗോപാലനും
നീ കാളീ, ഗുരു, വിഷ്ണു, പാര്‍വതി, യഹോവായെന്നു കേള്‍ക്കുന്നു ഞാന്‍
നീയല്ലാതിവിടാരു കണ്ടു ഭഗവല്ലീലാ വിലാസങ്ങളെ 

കന്ദര്‍പ്പന്‍ തലതാഴ്ത്തിടുന്ന ഭഗവത്പാദങ്ങളില്‍, ഭാര്യയാം
ലക്ഷ്മീദേവിയും തീണ്ടിടാത്ത തനുവില്‍, കാരുണ്യ നേത്രങ്ങളില്‍,
കൂടെക്കൂടെ സമാധി വന്നു നിറയും ചിന്മൌലിയില്‍, കാലമേ,
നീയും കണ്ടവതാരലീല പുതുതായ് ഗംഗാ തരംഗങ്ങളില്‍

ജീവന്‍ കൂട് വിടുന്ന മുന്‍പു തനുവേ പോ ദക്ഷിണേശത്തു നീ,
ആ തൃച്ചേവടി താണ്ടിയുള്ള വഴിയില്‍ നീ സഞ്ചരിച്ചീടുക.
ആകാമെങ്കില്‍ ഉരുണ്ടു കൊള്‍ക, ചെറുതാം ധൂളീകണം പോരുമേ
ജീവന്‍ നിത്യത പുല്‍കുവാന്‍, അതിനു ഭാഗ്യത്തിന്നു പ്രാര്‍ത്ഥിക്ക നീ!!!

No comments:

Post a Comment