അഴിമുഖം,
പെയ്തു പോയ നിലാവിന്റെ
സ്മരണ പിന്നെയും മോന്തുന്ന സാഗരം,
നിലവിളിക്കും കടല്‍ത്തിര, ആര്‍ദ്രമായ്
മുരളിയൂതുന്ന സായാഹ്ന മാരുതന്‍
കവിളില്‍ ചോപ്പും കറുപ്പും
വരച്ചെന്നെ, മറവിയാക്കുന്ന
സന്ധ്യത്തുടുപ്പുകള്‍
അടിയില്‍ നിശ്ശബ്ദം വിങ്ങും മണല്‍ത്തരി
മുകളില്‍ നീലിമ വറ്റാത്ത വിണ്ടലം.
അരികില്‍,
ആശകളറ്റവര്‍ വന്നെത്തും
ഒരു കരിമ്പാറക്കൂട്ടം,
നിരാശ തന്‍
കനലു വീണ മണല്‍ത്തിട്ട,
ചോരയില്‍ കുതിരുമേതോ
വിഷാദാര്‍ദ്ര നിസ്വനം
പകുതി ചത്ത
മനസ്സുപോല്‍,
തീരത്ത് പിടയും മത്സ്യങ്ങള്‍,
കപ്പലണ്ടിക്കട.
അകലെ ദാഹം ശമിപ്പിക്കുവാന്‍
വന്ന യുവമിഥുനങ്ങള്‍,
വെണ്‍മുത്തുച്ചിപ്പികള്‍.
കടലലറട്ടെ, ശാന്തമാം
തീരങ്ങള്‍,
പകലു മായട്ടെ,
ശൂന്യമാം രാത്രികള്‍,
ഇരുള്‍ പരക്കട്ടെ
ചുറ്റിലും, വേതാള നടനം
രംഗസഭ കൈയടക്കട്ടെ.
മുറുകിയ ശ്വാസതാളം നിലക്കട്ടെ,
നെറിവു കെട്ടൊരീ
ലോകം പുലരട്ടെ
ഇനിയുണരാന്‍ കൊതിക്കാതെ
ഞാനെന്‍റെ മടിയില്‍
തന്നെ തലചായ്ച്ചുറങ്ങട്ടെ
No comments:
Post a Comment