ഇന്ന് ഒരുപാടു നേരം ആനന്ദഭൈരവി കേട്ടതിന്റെ ഫലം
------------------------------------------------------------------------------
മിഴിയില്‍ കണ്ണീര്‍ തിളങ്ങട്ടെ, മാനസ
സരസ്സുറങ്ങട്ടെ നിഷ്പന്ദം, നാദമീ
സിരയില്‍ വാര്‍ന്നൊഴുകട്ടെ, പ്രഭാമയം
ഇതള്‍ വിടര്‍ത്തട്ടെ സാന്ദ്ര സംഗീതിക
ചിതലു തിന്നുന്ന ഭാവന വല്‍മീക-
മിതില്‍ നിന്നൊന്നുണരട്ടെ, പരിത്യക്ത
നഗര വീഥിയില്‍, നഷ്ട സ്മൃതികളില്‍,
നരക വാതില്‍ തുറക്കുന്നിടങ്ങളില്‍,
പകുതി നിര്‍ത്തിയ വാക്കില്‍, നിലാവിന്‍റെ
ചിരിയില്‍, മാനുഷ ദീനദുഃഖങ്ങളില്‍,
കുളിരണിഞ്ഞ പുലരിയില്‍, പ്രേമത്തിന്‍
കുറുകല്‍ കേള്‍ക്കുന്ന അമ്പലപ്രാക്കളില്‍,
വിരലു നൊന്തു കരയുന്നൊരക്ഷര-
ക്കളരിയില്‍, നിശാ സഞ്ചാര വീഥിയില്‍,
അലയടിക്കും കടലില്‍, അലയട്ടെ,
സ്വയമലിഞ്ഞു പാടീടട്ടെ കേവലം
അഴലു കാക്കുന്ന ചിന്തകള്‍, ക്രൂരമാം
പഴികള്‍, ചായും നിഴലുകള്‍, ഏകാന്ത
വിധുര സ്വപ്‌നങ്ങള്‍, ഭ്രാന്തമാം ആക്രോശ-
മുറയും വീടിന്നകത്തളങ്ങള്‍, ജീവ-
ശിഖയില്‍ മങ്ങിയെരിയുന്ന മോഹങ്ങള്‍,
മൊഴിയുറയുന്ന ആകാശ ശൂന്യത,
കനവില്‍ എന്നോ മറന്ന മയില്‍പ്പീലി,
മിഴിയില്‍ പണ്ടേ വളര്‍ന്ന വിഷാദത,
ഉരുകി വാര്‍ന്ന കരള്‍, നീല നേത്രങ്ങള്‍,
മുറിവില്‍ ആഴ്ന്നിറങ്ങീടുന്ന പല്ലുകള്‍,
ഒരു നിമിഷം മറക്കുക, ജീവന്‍റെ
തരുണമാം നിമിഷത്തില്‍ ഒതുങ്ങുക
ഇനി ചിരാതിന്‍ തിരി തെളിച്ചീടുക,
ഇനി നിലാവിന്‍റെ പാല്‍ കുടിച്ചീടുക,
ഇനിയുറങ്ങാതിരിക്കുക, പ്രാണനില്‍
നുരയും ആനന്ദഭൈരവി പാടുക.
ആനന്ദഭൈരവി തന്നെ
ReplyDeletegood ,plz visit my blog paravablog.blogspot.in
ReplyDelete