Monday, January 28, 2013

ഇങ്ങിനെയായതെന്തു ഞാന്‍

കരഞ്ഞു പാടുന്ന കദനമൊക്കെയും
ഒരു മനോഹര കവിതയാക്കി ഞാന്‍
നിണം  പുരണ്ടൊരെന്‍ സ്മൃതികളൊക്കെയും
ഒരു ചിത്രത്തിന്‍റെ നിറത്തില്‍ ചാര്‍ത്തി ഞാന്‍

പുക നിറഞ്ഞൊരെന്‍ ശ്വസനതാളത്തെ
പുതിയ പാട്ടിന്റെ വചനമാക്കി ഞാന്‍
ഉയിരിന്‍ വന്യ ഘര്‍ഷണങ്ങളൊക്കെയും
ഒരു ചിരിയുടെ ഒളിയായ് മാറ്റി ഞാന്‍

അഴുകിയോരെന്റെ മനസ്സില്‍ ഓര്‍മ്മ തന്‍
പുതിയ പൂവിളി പൊലിഞ്ഞു പാടിയും
മെഴുകിയ നിലത്തൊരു തലമുറ-
ക്കുരുളയായിയെന്‍ ബലിച്ചോറേകിയും

പൊരി വെയിലിലും പേര് മഴയിലും
കുട പിടിക്കാതെ നടന്നും, ജീവന്‍റെ 
മുറിവിലൊക്കെയും പുതിയ വാക്കിന്റെ
മരുന്ന് വെച്ചുള്ളില്‍ സ്വയം ഉരുകിയും

പകുതി വറ്റിയ ശ്രുതിയില്‍ പാടിയും
പുതുമഴയുടെ കുളിരായ് മാറിയും
ചകിതനായിടക്കിടെ തിരിഞ്ഞെന്റെ
വഴിയളന്നും, ഞാന്‍ നടന്നു നീങ്ങവേ

ഇതള്‍ വിടര്‍ത്തിയെന്‍ ചെവിയില്‍ കിന്നാരം
പറയും പൂക്കാലം തഴഞ്ഞതെന്തു ഞാന്‍
തലോടിയെന്നുടെ തളര്‍ച്ച നീക്കിടും
സമീരണ സ്മിതം മറന്നതെന്തു ഞാന്‍ 

ചിതലരിക്കാത്ത മനോഹരസ്മൃതി
അകതാരില്‍ നിന്നും കളഞ്ഞതെന്തു ഞാന്‍
പിഴച്ച ജന്മമായ് സ്വയമൊടുങ്ങുവാന്‍
ഉറച്ചു നന്മകള്‍ തുലച്ചതെന്തു ഞാന്‍

കൊഴിഞ്ഞ ഭാവനാസുമങ്ങളില്‍ കണ്ട
തിളക്കമൊക്കെയും മറച്ചതെന്തു ഞാന്‍
പുണരും പ്രേമത്തിന്‍ പ്രകാശമൊന്നിനെ
പുറംകാലാല്‍ തട്ടിക്കളഞ്ഞതെന്തു ഞാന്‍

1 comment: