2010 നവംബര്‍ 19 നു എഴുതിയ കവിത.....
--------------------------------------------
നിളയൊഴുകും വഴികളില്‍ ഞാന്‍
--------------------------------------------
നിളയൊഴുകും വഴികളില്‍ ഞാന്‍
അലയുമൊരു കാറ്റായി
തിരയിളകും കടലില്‍ ഞാന്‍
കര പുണരും നുരയായി
മുകിലൊഴുകും മാനത്തൊരു
മഴവില്ലിന്‍ നിറമായി
ഇടവഴിയില്‍ മാബലിയെ
എതിരേല്‍ക്കും പൂവായി
വിഷുനാളില്‍ കൊന്നപ്പൂ
പൊഴിയുന്നൊരു തണലായി
തിരുവാതിരയാടിവരും
ധനുമാസ നിലാവായി
ചൊല്ക്കെട്ടു തെളിഞ്ഞുണരും
കൂത്തമ്പല നടയായി
വായ്ത്താരി മൊഴിഞ്ഞു പയ-
റ്റീടുമൊരു അടവായി
ഭരണിപ്പാട്ടുണരുമൊരു
മീനക്കൊടുവെയിലായി
ദൈവങ്ങളുറഞ്ഞു വരും
തെയ്യത്തിന്‍ ചുവടായി
വേലക്കായ് വന്നണയും
കുപ്പിവളപ്പെട്ടികളായ്
ആര്‍ത്തു തിമിര്‍ത്താഞ്ഞു തുഴ-
ഞ്ഞേറും വള്ളംകളിയായ്
പഞ്ചാരിയില്‍ താളമിട-
ഞ്ഞുണരും മേളത്തുടിയായ്
മാമാങ്കക്കഥ ചൊല്ലും
നിലപാടിന്‍ തറയായി
പാല മണം വാര്‍ന്നൊഴുകും
മുത്തശ്ശിക്കഥയായി
ഗുരുവായൂര്‍ നടയിലൊരു
കുന്നിക്കുരുമണിയായി
നെല്‍വയലായ്, ചുര വളവായ്
പുഴമണലായ്, ചാകരയായ്
ആലിലയായ്, ആഞ്ഞിലിയായ്
പാല്‍പ്പായസ മണമായി
മാറും ഞാന്‍ നൂറായിരം
നിറമായിട്ടുണരും ഞാന്‍
ഓര്‍മകളില്‍ മലയാണ്മ തന്‍
മണമായി തെളിയും ഞാന്‍
കേരള സംസ്കാരത്തിന്‍
മുദ്രാംഗുലിയണിയും ഞാന്‍
മലയാളത്തിരുനടയില്‍
നെയ്ത്തിരിയായ് തെളിയും ഞാന്‍
ഇന്നലെ പോയതെ ഉള്ളു ഗുരുവായൂരില്‍
ReplyDeleteഇനിയെഴുതും കവിതകളില്‍
ReplyDeleteജ്വലിക്കുന്ന..............
ആശംസകള്‍ ...
Nandi...
ReplyDeleteനല്ല വരികള്‍ ....
ReplyDeleteനന്ദി...
ReplyDelete