ഇനിയാരുടെ ശാപമേല്‍ക്കണം,
വരഞ്ഞിട്ട മുറിവില്‍ ഇനിയേതേതു
വിഷങ്ങള്‍ പുരട്ടേണം,
ഇനിയീ ഉമിത്തീയില്‍
എത്ര ഞാന്‍ ഉരുകേണം
ഇനിയേതേതൊക്കെ രാ-
ക്കടല്‍കള്‍ കടക്കേണം...
കിനിയും രക്തം പാടും
ശുഭപന്തുവരാളിയില്‍
ഇനി ഞാന്‍ എത്ര രാഗകല്പന
ചാലിക്കേണം
ചെവിയില്‍ ചൂളം കുത്തി
കളിയാക്കീടും കാറ്റെന്‍
പുരയെ തകര്‍ത്തീടാന്‍
ഇനിയും വന്നെത്തുമോ?
സമയം, പുഴു കുത്തും പ്രാണനില്‍,
ഏതോ താരസ്വരമായ്
ഉയിര്‍പ്പിക്കും വേദനകളെയെല്ലാം
പൊഴിയും കണ്ണീരിനാല്‍
കഴുകിക്കളഞ്ഞെന്റെ
ഹൃദയം ഉയിര്‍ക്കൊള്ളാന്‍
എത്ര നാളെടുക്കുമോ
ചതിയില്‍ നിന്നും ചിത
തന്നിലേക്കെത്തീടുവാന്‍
കൊതിയും മാത്സര്യവും
വിട്ടകന്നൊഴിഞ്ഞീടാന്‍
പുലരിത്തണുപ്പിനോടൊത്തു
വൈഖരി പാടാന്‍
കരള്‍ പൂത്തീടാനിനി
ഇനിയും വൈകീടുമോ??
അതിനിസ്സാരന്‍ പുഴു-
വന്നെന്നെ അറിഞ്ഞു ഞാന്‍
പതിയെ ചിന്തക്കുള്ളില്‍
പ്യൂപ്പയായ് മാറീടവേ
അണയും ഉഷസ്സിലെന്‍
തോട് പൊട്ടിച്ചു വാനില്‍
ഉയരും നേരത്തിന്നായ്
ഇനിയും കാക്കേണമോ ??
No comments:
Post a Comment