Wednesday, January 23, 2013

പശുപതി


കാലനെ കൊന്നിട്ടും
കാമനെ കൊന്നിട്ടും
ക്രോധം തീരാതെ
തൃക്കണ്ണ് 
എരിഞ്ഞു 
കൊണ്ട്....

പാര്‍വണം തലയില്‍
അനവരതം പൊഴിഞ്ഞിട്ടും
ആകാശഗംഗ
ആകെ തൊട്ടുഴിഞ്ഞിട്ടും
ആത്മാവിന്‍റെ
ഡമരുവില്‍
'ഐയുണ്‍ ഋളുക്ക്'* കള്‍
തെളിഞ്ഞിട്ടും
കനല്‍ക്കണ്ണ്‍
കെടാതെ...

നന്ദികേശനോ,പദ്മനാഭനോ
വിധിയോ,സുരേശനോ
ആരൊക്കെ തണുപ്പിക്കാന്‍
നോക്കിയിട്ടും
ജട വലിച്ചു തറയിലടിച്ചെന്റെ
കാളീ, എന്റെ വീരഭദ്രാ
എന്നലറിക്കൊണ്ട്.....

പ്രിയതമയുടെ
വിയോഗവ്യഥയില്‍
ഈരേഴു പതിന്നാലു
ലോകങ്ങളിലും
കനല്‍ വിതറി
താണ്ഡവമാടിക്കൊണ്ട്....

പാമ്പണിഞ്ഞു 
തുമ്പമലര്‍ ചൂടി,
നീളവേ ഭസ്മം പുരട്ടി,
കപാലിയായ്, ശൂലിയായ്,
ദക്ഷിണാമൂര്‍ത്തിയായ്,
ആകാശമുടുത്തെന്റെ,
ഉയിരില്‍ കെടാത്ത
അഗ്നിയായ് വാഴു
പൌരുഷാകാര മൂര്‍ത്തേ........
പശുപതേ............

*മാഹേശ്വര സൂത്രങ്ങള്‍

No comments:

Post a Comment