Friday, January 18, 2013

പണ്ഡിറ്റും കാശ്മീരും

ഇവിടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്കൊന്നും കാശ്മീരി പണ്ഡിറ്റുകളെ പറ്റി  മിണ്ടാട്ടമില്ല......
പിറന്ന നാട്ടില്‍ അഭയാര്‍ഥികള്‍ ആയി കഴിയേണ്ടി വരുന്നവരുടെ ദുരിതങ്ങളില്‍ ഒരലിവും ഇല്ല......
ആ ശാപം ഈ നാട്ടില്‍ ജനിച്ചു മരിക്കുന്ന ഓരോരുത്തരെയും പിന്തുടരും.... ശാന്തി ലഭിക്കില്ല. ഇഹത്തിലും പരത്തിലും....
---------------------------------

കണ്‍ തുറക്കുമോ ഭാരതം? കാണൂ
ബന്ധനത്തിലാണിപ്പൊഴും ഞങ്ങള്‍

വെള്ളമില്ലാ വെളിച്ചമില്ലാതെ
കുഞ്ഞുകുട്ടികള്‍ക്കപ്പമില്ലാതെ
വെന്തുരുകുന്ന വേനലിന്‍ കീഴില്‍
മഞ്ഞുറയും തണുപ്പിന്നു കീഴില്‍
അന്ധമാം ഭരണത്തിനു കീഴില്‍
വന്ധ്യരായ ജനങ്ങള്‍ക്കു കീഴില്‍
കണ്ണുനീരോടെ പൊയ്പ്പോയകാലം
ഉള്ളിലിന്നും ചവക്കുവോര്‍ ഞങ്ങള്‍

കൂട്ടിവെച്ചവയൊക്കെയും വിട്ടു
കൂട്ടുകാരുടെ സ്നേഹങ്ങള്‍ വിട്ടു
നീലത്താമര പൂക്കും തടാകം
നീല വാനം തുറന്നിട്ട വാതില്‍
നീളെ നീളെയാ മഞ്ഞു പുഷ്പങ്ങള്‍
നീര്‍ത്തിടുന്ന വിതാനങ്ങള്‍ വിട്ടു
 ചേരി തന്നിലേക്കാട്ടിയോടിച്ചോര്‍ 
നീറുമീ നരകത്തീയില്‍ വെന്തോര്‍
നാളെ ഞാനില്ലയെങ്കിലുമെന്റെ
നാട് കാണേണമെന്നു മോഹിച്ചോര്‍

ആട്ടിയോടിച്ച ഞങ്ങള്‍ക്ക് വേണ്ടി
ആരുമില്ലാ പറയുവാനായി
ഇല്ലൊരു തുള്ളി കണ്ണുനീര്‍ പോലും
ഇന്ത്യ പെറ്റൊരീ പൈതങ്ങള്‍ക്കായി
ഇല്ല ഭക്ഷണം, വസ്ത്രം, ക്ഷമിക്കാം
ഇല്ലൊരല്‌പ്പം കനിവു ഹാ കഷ്ടം...

ആര്‍ത്തി മൂത്തു വരുന്നവരല്ല
കത്തി കാട്ടി പിടുങ്ങുവോരല്ല
ആരെയും കൊന്നു പോന്നവരല്ല
ആര്‍ക്കും ദ്രോഹങ്ങള്‍ ചെയ്തവരല്ല
ജീവിതത്തിന്‍ കൊതി കൊണ്ട് മാത്രം
ഈയിടത്തിലേക്കെത്തിയോര്‍ ഞങ്ങള്‍
വാള്‍ത്തലക്ക് മുന്‍പില്‍ അഭിമാനം
തീറുവെക്കാന്‍ മടിച്ചവര്‍ ഞങ്ങള്‍
എന്‍റെ രാഷ്ട്രം ഇതെന്നഭിമാന-
ചിന്‌ഹവുമായി നിന്നവര്‍ ഞങ്ങള്‍

ജമ്മു കാശ്മീര്‍ അടര്‍ത്തുവാന്‍, കൊന്നാല്‍ -
സമ്മതിക്കില്ലെന്നുരച്ചവര്‍ ഞങ്ങള്‍
പൈതൃകത്തില്‍ കളങ്കം വരുത്താന്‍
വയ്യ വയ്യെന്ന് ചൊല്ലിയോര്‍ ഞങ്ങള്‍
സംസ്കൃതിയുമെന്‍ രാഷ്ട്രവും ശത്രു-
വിന്റെ കാല്‍ക്കല്‍ കാണിക്ക വെച്ചീടാന്‍
പറ്റുകില്ലെന്നെതിര്‍ത്തവര്‍  ഞങ്ങള്‍..........
ഇന്നു ഡല്‍ഹിയില്‍ ഈയഭയാര്‍ഥി
ക്യാമ്പില്‍ തീ തിന്നു വാഴുന്നു ഞങ്ങള്‍

എന്തിനെന്നറിയാതെ വളരും
മക്കളോടു ഞാന്‍ എന്തു  ചൊല്ലേണ്ടു?
പെറ്റ നാടില്‍ അഭയാര്‍ഥിയായ
നിസ്സഹായനാം അച്ഛന്‍ ഞാനെന്നോ
തോക്കെടുക്കാന്‍ മടിച്ചത് മൂലം
തോറ്റ ഭ്രാന്തന്‍ പണ്ഡിറ്റ്‌ ഞാനെന്നോ
വോട്ടു ബാങ്കല്ല എങ്കില്‍ സഹിക്കാന്‍
കാത്തിരിക്കണം പുത്ര നീയെന്നോ 
ഹിന്ദുവായി കാശ്മീരില്‍ ജനിപ്പോന്‍
മുന്‍പ് പാതകം ചെയ്തവന്നെന്നോ
ഈ ജനത്തിന്‍ കണക്കില്‍ നാമാരും
ജീവനോടെ ഇരിപ്പില്ലയെന്നോ

ഒന്ന് ചൊല്ലിത്തരികെന്റെ തായേ
ഭാരതാംബേ, ഉടപ്പിറന്നോരേ...

No comments:

Post a Comment