ഇതളനക്കം, ഒരിറ്റു
മഞ്ഞിന്‍ കണം
ഇടവഴി താണ്ടും കാറ്റിന്റെ മര്‍മ്മരം,
പുലരി വന്നെത്തി നോക്കും കുളങ്ങളില്‍
പകുതി പൂത്ത കുവലയ ലജ്ജകള്‍
ഇമയനക്കം, ഉറക്കത്തില്‍
നിന്നുമീ
പുതു പുലരിയില്‍
പെറ്റു വീഴും സുഖം
പകുതിയും കണ്ട സ്വപ്നമൊന്നും കൂടി
മിഴിയടച്ചു കാണാനുള്ളൊരാഗ്രഹം
അകമനക്കം,
പുകയും അടുക്കള,
പകുതി വെന്ത പലഹാരം,
മേശയില്‍ പലനിറങ്ങളില്‍
ചോറ്റുപാത്രങ്ങളാ
അകമെയെന്നും
ഒരേ നിറം അമ്മയില്‍.
വഴിയനക്കം, തിരക്കിട്ട്
സ്കൂളിന്റെ പടി കടക്കും
കുരുന്നുകള്‍, ഓഫീസിന്‍
പടിയില്‍ നിന്നൊരു ബീഡി കൊളുത്തുവന്‍,
ഇരു വശങ്ങളും നഷ്ടമാം യാചകന്‍.
അഹമനക്കം,
സ്വയം മേലെ മേലെയെന്നുയരും
കെട്ടിയ പട്ടങ്ങള്‍,
കാവലിന്നകമെ
ചില്ലു കൊട്ടാരത്തില്‍
മാനുഷ നിണ പിപാസയില്‍
മേവുന്ന ഡോബര്‍മാന്‍
വഴി മടക്കം,
തളര്‍ന്നന്തി മേഘവും,
നിലവിളക്കിനു മുന്‍പില്‍
നാമം ജപം
പകുതി സീരിയല്‍, ഹോംവര്‍ക്ക്,
ജീവിതച്ചുമടിറക്കി ശ്വസിക്കുന്ന രാത്രികള്‍....
ഇലയനക്കം, നിശീഥത്തില്‍
പ്രേതത്തിന്‍ അപഥസഞ്ചാരം,
നിസ്സഹായാതുരം.
അകലെ കാലന്‍റെ കോഴി
വിളിക്കുന്ന സ്വരം,
ഒടുങ്ങാത്ത ദുസ്സ്വപ്ന
ജീവിതം
ഉയിരനക്കം,
നിലാവിന്‍റെ നേര്‍മ്മയില്‍,
പകുതി പാടിയ
പാട്ടിന്‍ സ്വരങ്ങളില്‍
ഒരു കിലുക്കം
വളപ്പൊട്ടു പെട്ടിയില്‍
കവിതയൂറും
പഴഞ്ചനാം ഓര്‍മ്മയില്‍
No comments:
Post a Comment