അകലെ മൌനത്തിന്റെ കടലില്‍
ഞാനും ജരാനരകള്‍ ബാധിച്ചോരു
കിഴവന്‍ കപ്പിത്താനും
ഇരുളില്‍ മാര്‍ഗം തെറ്റിയലയും നേരം
കാറ്റിന്‍ കരളില്‍ പോലും
നിരാശാശ്രുബിന്ദുക്കള്‍ വാര്‍ന്നോ
ചുരുളിന്‍ പുക തുപ്പി
തുപ്പിയെന്‍ നേര്‍ക്കെന്തിനോ
ഒരു ക്രൂരമാം നൊട്ടമെറിഞ്ഞൂ
കപ്പിത്താനും,
നിറമെല്ലതും ശ്യാമവര്‍ണ്ണത്തില്‍
മായും രാവില്‍
ശ്യാമമാമൊരു സ്മിതം
തിരകെ സമ്മാനിച്ചു.
മിഴിയില്‍, അഗാധമാം
കടലില്‍, അനന്തമാം
ഗഗനപ്രസൂനത്തില്‍,
നിരാശാതമിസ്രത്തില്‍,
വഴികള്‍ തേടിത്തേടി
തുലയും കപ്പിത്താനും
ചുരുളിന്‍ പുക കൊണ്ട് കറുക്കും
മുഖം, ഞാനും.
അകലെ, അകലേക്ക്
ചെല്ലുവോര്‍ നമ്മള്‍
ലോകം കണികണ്ടീടാത്തൊരു
ദ്വീപുകള്‍ തേടിപ്പോവോര്‍
അകലെ, ജലിക്കുന്ന
പ്രഭയോടനേകം ഹാ
പവിഴ ദ്വീപുണ്ടാകാം!
കാണുവന്‍ ഭാഗ്യം ചെയ്‌താല്‍
ഇരുളാണിപ്പോഴുമെന്‍
ചുറ്റിലും, ഉറങ്ങാതെ
പല ചിന്തകളുണ്ട്
പറന്നു കളിക്കുന്നു
പവിഴത്തിളക്കത്താല്‍
നിര്‍വൃതിക്കൊള്ളാന്മാത്രം
ചുമലില്‍, കൈയില്‍ തൂങ്ങി
നടപ്പാണവര്‍ പക്ഷെ.
അകലെ മൌനത്തിന്റെ കടലില്‍
നിലാവില്ലാ നിശയില്‍
തണുപ്പിങ്കല്‍ അലയുന്നെന്നും ഞാന്‍
പുലരി പിറക്കുന്ന നേരത്ത്
വാക്കാകുന്ന പവിഴദ്വീപില്‍
ഞാന്‍ ചെന്നടിയും നേരം കാത്ത്.
No comments:
Post a Comment