ഉദിച്ച പൂനിലാവിന്‍റെ
വര്‍ണ്ണ വിസ്മയ ചാരുത
തളിച്ച പനിനീരിന്റെ
നറും മുത്തുകളായി നാം
നടന്നീ പമ്പരം പോലെ--
ക്കറങ്ങും ഭൂമിയില്‍ പണ്ടു
വിടര്‍ന്ന നിഷ്കളങ്കത്വം
മായ്ക്കാതൊത്തിരി നാളുകള്‍
പുളിയും മാവും ചെന്തെങ്ങും
കാവല്‍ നില്‍ക്കുന്ന വേലികള്‍
കളിയോടന്നു ചാടീ നാം
മനസ്സിന്‍ മതില്‍ പോലവേ
ഇടറാതോടി നാമൂടുവഴികള്‍
തോറുമെപ്പൊഴും
കടലാസ്സിന്റെ കേവഞ്ചി
മെനഞ്ഞാറ്റിലൊഴുക്കുവാന്‍
പടിഞ്ഞാറിന്‍ കൊടുങ്കാറ്റ്
വരുന്നതിനു മുന്നവേ
ഉടയാത്ത ചിരാതിന്മേല്‍
കാര്‍ത്തികാ നാളമായി നാം
കൊതി തീരും വരെ ചന്ത്ര-
ക്കാരന്‍ തിന്നു നടന്നു നാം
പാതിയും അടയും കണ്ണാല്‍
കഥ കേട്ടു കിടന്നു നാം
പുഞ്ചപ്പാടത്തിനങ്ങോളം
ഓടിയാകെ തളര്‍ന്നതും
മഞ്ചാടിക്കുരു പോലേ നാം
കാടു കാട്ടി നടന്നതും
സന്ധ്യാദീപത്തിന്‍ മുന്‍പാകെ
കുറിയിട്ട് ജപിച്ചതും
മുത്തശ്ശിക്കഥകള്‍ കേട്ടു
ഉറങ്ങാനായ് കിടന്നതും
മനസ്സില്‍ പൊളിയില്ലാത്ത
ബാല്യത്തിന്‍ കൌതുകങ്ങളേ
ഒരിക്കല്‍ കൂടി വന്നാലും
നിറക്കാന്‍ എന്റെ ഹൃത്തടം
ഓര്‍മ്മയില്‍ മധുരം തൂകും
ഗ്രാമത്തിന്‍ വെയില്‍നാളമേ
വീണ്ടുമെന്നിലുദിച്ചാലും
എന്നെ മാനുഷനാക്കുവാന്‍
No comments:
Post a Comment